കേരളത്തിലേറ്റവുമധികമാളുകൾ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് ഇരുചക്രവാഹനങ്ങൾ. താമസിക്കുന്ന/ജോലി ചെയ്യുന്ന ഇടത്ത് നിന്നും അധികമകലെ അല്ലാത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ മിക്കവരും ബൈക്ക്/സ്കൂട്ടർ എന്നിവയാണ് ഉപയോഗിക്കാറുള്ളത്. കാർ, ബസ്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങളിൽ കയറുന്നതുപോലെയല്ല ഇരുചക്രവാഹനങ്ങളിലെ യാത്രയെന്ന് നമുക്കറിയാം. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ യാത്രികർ ധരിക്കുന്ന വസ്ത്രം ഏതുതരത്തിലുള്ളതാണെന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകളാണ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത്.
നീളം കൂടുതലുള്ള വസ്ത്രങ്ങൾ പലപ്പോഴും ബൈക്കിന്റെ ചക്രത്തിനിടയിൽ അകപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഇരുചക്രയാത്രികർ വസ്ത്രം ധരിക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയാൻ കാരണം. ഇതുസംബന്ധിച്ച മുന്നറിയിപ്പാണ് കേരളാ പോലീസും നൽകുന്നത്.
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക.
മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട് റെസ്‌റ്റും പിന്നിലിരിന്ന് യാത്ര ചെയ്യുന്നയാളുടെ വസ്‌ത്രങ്ങൾ ചക്രത്തിന്റെ ഉള്ളിലേക്കു കടക്കാത്ത വിധം ചക്രത്തിന്റെ പകുതിയോളം മൂടുന്ന സാരിഗാർഡും നിർബന്ധമാണ്.
ശുഭയാത്ര
#keralapolice















