തിരുവനന്തപുരം ; ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപ. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണു പ്രാഥമിക കണക്ക്. ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.
വന്ദേഭാരതിന്റെ പൂർണ തോതിലുള്ള സർവീസ് ഇന്നാണ് ആരംഭിച്ചത് . രാവിലെ 5.20 നു തിരുവനന്തപുരത്തു നിന്നും ഉച്ചയ്‌ക്ക് 2.30 നു കാസർകോടു നിന്നുമാണു സർവീസ് ആരംഭിക്കുക.
വന്ദേഭാരത് ട്രെയിനിൽ വൈകാതെ വിമാനത്തിലെ മാതൃകയിൽ ട്രെയിൻ ഹോസ്റ്റസിനെയും നിയമിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ യാത്രക്കാരെ സ്വീകരിക്കാനും ഭക്ഷണം നൽകാനുമാണ് ഇവരെ നിയോഗിക്കുന്നത്. ചെയർ കാർ കോച്ചുകളിലേക്കും കേറ്ററിങ് കമ്പനി ആളുകളെ എടുക്കുന്നുണ്ട്. ഡൽഹി–ഝാൻസി റൂട്ടിലോടുന്ന ഗതിമാൻ എക്സ്പ്രസിൽ ട്രെയിൻ ഹോസ്റ്റസുണ്ട്.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരതിലെ േകറ്ററിങ് കരാർ ഡൽഹിയിലെ കമ്പനി റെക്കോർഡ് തുകയായ 1.77 കോടി രൂപയ്‌ക്കാണു നേടിയിരിക്കുന്നത്. നിലവിലുള്ള വന്ദേഭാരത് ട്രെയിനുകളിലെ ഏറ്റവും വലിയ തുകയുടെ കരാറാണിത്. രാജ്യത്തെ 16 വന്ദേഭാരത് ട്രെയിനുകളിൽ 12 എണ്ണത്തിലും ഇതേ കമ്പനിക്കാണു കരാർ. തിരുവനന്തപുരത്തെയും തൃശൂരിലെയും ബേസ് കിച്ചണിൽ നിന്നാണു ഭക്ഷണം എത്തിക്കുന്നത്.
Comments