കനകധാരാ സ്തോത്രം അർത്ഥവിശകലനം ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കനകധാരാ സ്തോത്രം അർത്ഥവിശകലനം ഭാഗം രണ്ട്‍ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക(വന്ദനം,ശ്ലോകം 1 )
മുഗ്ധാ മുഹുർവിദധതീ വദനേ മുരാരേഃ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി .
മാലാ ദൃശോർമധുകരീവ മഹോത്പലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ .. (2)..
സാമാന്യ അർത്ഥം: വലുതായ കരിങ്കൂവളപ്പൂവിൽ പെൺവണ്ടെന്ന പോലെ ശ്രീ മഹാവിഷ്ണുവിന്റെ മുഖത്തിൽ വീണ്ടും വീണ്ടും പ്രേമവും ലജ്ജയുമുൾക്കൊണ്ട് ഗതാഗതം (പോക്കുവരവ് ) ചെയ്തു കൊണ്ടിരിക്കുന്ന ലക്ഷ്മീദേവിയുടെ മനോഹരമായ ആ കടാക്ഷമാല എനിക്ക് സമ്പത്തേകട്ടെ….
കാവ്യാർത്ഥം: ക്ഷീരസമുദ്രത്തിന്റെ മകളുടെ സുന്ദരമായ ഇരുണ്ട കണ്ണുകളുടെ ലജ്ജാകരമായ സ്നേഹം നിറഞ്ഞ വശ്യ നോട്ടം, മുരാരിയുടെ സുന്ദരമായ താമരപൂവൊത്ത മുഖത്തേക്ക് വീണ്ടും വീണ്ടും മടങ്ങിയെത്തുന്നു, കറുത്ത തേനീച്ച മനോഹരമായ നീല താമരപ്പൂവിനെ ചുറ്റിപ്പറ്റി പറക്കുന്നതുപോലെയാണ് ആ കടക്കണ്ണേറ് .ലക്ഷ്മീ ദേവിയുടെ ഈ നോട്ടങ്ങൾ, ഐശ്വര്യം നൽകി അനുഗ്രഹിക്കുവാൻ എന്നിൽ വന്നു ചേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
(ഭഗവാന്റെ ഇരുണ്ട സുന്ദരമായ മുഖം നീല താമരയോട് ഉപമിച്ചിരിക്കുന്നു. മഹാലക്ഷ്മിയുടെ വശ്യ നോട്ടം ഭഗവാന്റെ സുന്ദരമായ മുഖത്ത് അധിവസിക്കുന്നു, ലജ്ജയാൽ ആ നോട്ടം മാറി പോകുന്നുവെങ്കിലും, വീണ്ടും വീണ്ടും സ്നേഹത്തോടെ മഹാലക്ഷ്മി ഭഗവാന്റെ മുഖത്തേക്ക് നോക്കുന്നു. ഈ നോട്ടങ്ങളുടെ പരമ്പരയെ ഇവിടെ ഒരു ചരടിനോടോ മാലയോടോ ഉപമിച്ചിരിക്കുന്നു, മാത്രമല്ല അവ നീല താമരയിലേക്ക് തേൻ തേടുന്ന കറുത്ത തേനീച്ച നടത്തുന്ന യാത്രകളുടെ പരമ്പര പോലെ വിവക്ഷിക്കുന്ന. സമ്പത്തിന്റെ ദേവതയുടെ ഒരു ദർശനം ഒരു നിമിഷമെങ്കിലും തന്നിൽ പതിച്ചാൽ താൻ ഐശ്വര്യമുള്ളവനായിതീരുമെന്ന് ഭക്തൻ പ്രതീക്ഷിക്കുന്നു)
ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗ തന്ത്രം .
ആകേ കരസ്ഥിത കനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ .. (3)..
സാമാന്യ അർത്ഥം: വിഷ്ണുവിനെ പ്രാപിച്ച സന്തോഷം കൊണ്ട്, പകുതി കൂമ്പിയതും ആനന്ദഭാരത്താൽ അലസവും, ഇമവെട്ടാത്തതും, കാമകലാരൂപവും ആയ ലക്ഷ്മീദേവിയുടെ കോണിച്ചിരിക്കുന്ന കൃഷ്ണമണിയോടു കൂടിയ ഇമ തൂർന്ന മോഹനനേത്രങ്ങൾ എനിക്ക് ഐശ്വര്യത്തിനായി ഭവിക്കട്ടെ…
കാവ്യാർത്ഥം: മുകുന്ദന്റെ കണ്ണുകൾ ആനന്ദത്താൽ അടഞ്ഞുകിടക്കുന്നു. ലക്ഷ്മിയുടെ ഇരുണ്ട കണ്ണുകൾ പ്രണയത്തിലും അത്ഭുതത്തിലും മുകുന്ദനിൽ ഉറച്ചുനിൽക്കുകയും ഇമവെട്ടാതെ തുറന്നിരിക്കുകയും ചെയ്യുന്നു. മഹാലക്ഷ്മിയുടെ ഈ കണ്ണുകൾ എന്നിൽ പതിച്ച് ഐശ്വര്യവും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ
ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി .
കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയായാഃ .. (4)..
സാമാന്യ അർത്ഥം: മഹാവിഷ്ണുവിന്റെ കൗസ്തുഭരത്നമണിഞ്ഞ മാറിടത്തിൽ ഇന്ദ്രനീലക്കല്ലുകൊണ്ടുള്ള ഹാരജാലം പോലെ ശോഭിക്കുന്നതും, ഭഗവാനുപോലും സർവ്വാഭീഷ്ടവും സാധിച്ചു കൊടുക്കുന്നതുമായ ലക്ഷമീദേവിയുടെ കടാക്ഷമാല എനിക്കു മംഗളം വരുത്തട്ടെ.
കാവ്യാർത്ഥം: കൗസ്തുഭ മാലയാൽ അലംകൃതമായിരിക്കുന്ന മഹാവിഷ്ണുവിന്റെ മാറിടം, മഹാലക്ഷ്മി ദേവിയുടെ മനോഹരമായ ദൃഷ്ടി പരമ്പരകളാൽ വീണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്നു. വിലയേറിയ ഇന്ദ്രനീലകല്ലുകളുടെ മാലയോട് സാമ്യമുള്ള ഈ നോട്ടങ്ങൾ ശ്രീഹരിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിവുള്ളവയാണ്. ഈ നോട്ടങ്ങളുടെ ചരട് എന്നിലേക്ക് നയിക്കപ്പെടട്ടെ, അത് എനിക്ക് ഐശ്വര്യം നൽകും.
(തുടരും)
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കനകധാരാ സ്തോത്രത്തിന്റെ അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/kanakadhara-stotram/
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
















Comments