ഇടുക്കി: അക്രമണകാരിയായ അരിക്കൊമ്പനെ മയക്കുവെടിവെച്ചു. 11.55-നാണ് വെടിവെച്ചത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. സിമന്റ് പാലത്തിന് സമീപത്തുവെച്ചാണ് അരിക്കൊമ്പനെ വെടിവെച്ചത്. അരമണിക്കൂറിനുള്ളിൽ മയങ്ങുമെന്നാണ് സംഘം അറിയിച്ചിരിക്കുന്നത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് വെടിവെച്ചത്.
ആന മയങ്ങി തുടങ്ങിയാൽ നാല് കുങ്കിയാനകളെ കൂടി അരിക്കൊമ്പന്റെ അരികിലെത്തിച്ചതിന് ശേഷം ബാക്കി നടപടികളിലേക്ക് കടക്കും. ആന പൂർണമായി മയക്കത്തിലായോ എന്ന കാര്യം സ്ഥിരീകരിക്കണം. 2017-ൽ ഏഴു തവണ മയക്കുവെടി വെച്ചതിന് ശേഷം രക്ഷപ്പെട്ട ആനയാണിത്.
കഴിഞ്ഞ ദിവസം രാാവിലെയോടെയാണ് അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ശ്രമം ആരംഭിച്ചത്. ഇന്നലെ ഉച്ചവരെ നിരീക്ഷിച്ചെങ്കിലും ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു.
















Comments