കോഴിക്കോട്: കക്കുകളി നാടകത്തിനെതിരെ സമരത്തിനിറങ്ങി താമരശ്ശേരി അതിരൂപത. ക്രൈസ്തവ സന്യാസത്തേയും കത്തോലിക്കാ സമൂഹത്തേയും അത്യന്തം അപകീർത്തിപ്പെടുത്തുന്നതാണ് നാടകമെന്നാണ് അതിരൂപത വ്യക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള പ്രസ്താവനയും പുറത്ത് വിട്ടിരിക്കുകയാണ്.
ശനിയാഴ്ച നാടകം പ്രദർശിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന് അടുത്തുള്ള എടച്ചേരിയിൽ സമരം നടത്താനാണ് രൂപത തീരുമാനിച്ചിരിക്കുന്നത്. നാടകത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രതിഷേധങ്ങളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടും നിഷേധാത്മകമായ സമീപനമാണ് സംസ്ഥാനത്തെ രാഷ്‌ട്രീയ പ്രവര്‍ത്തകർ പ്രകടിപ്പിച്ചിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. നാടകത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചില സംഘടനകള്‍ അണിയറപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതായാണ് മനസ്സിലാകുന്നത്. ഇവര്‍ ക്രൈസ്തവ സമൂഹത്തെയും കത്തോലിക്കാ സന്യാസത്തെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയിലുണ്ട്.
കന്യാസ്ത്രീ മഠത്തില്‍ എത്തുന്ന പെണ്‍കുട്ടി നേരിടുന്ന പ്രയാസങ്ങളാണ് നാടകത്തിന്റെ ഇതിവൃത്തം. എഴുത്തുകാരന്‍ ഫ്രാന്‍സീസ് നെറോണ എഴുതിയ കഥയാണ് നാടകമായി അരങ്ങില്‍ എത്തിയത്. രാജ്യാന്തര നാടകോല്‍സവത്തില്‍ അവതരിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും നാടകത്തിന് വേദിയൊരുക്കി. ഇതിനു പിന്നാലെയാണ്, ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
Comments