പൂരത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ഏപ്രിൽ 30 മുതൽ മേയ് ഒന്ന് ഉച്ച വരെയായിരിക്കും നിയന്ത്രണം. സ്വരാജ് റൗണ്ടിലും, തേക്കിൻകാട് മൈതാനിയിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. ഇന്ന് രാവിലെ മുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. വാഹനങ്ങൾക്ക് മേയ് ഒന്നിന് പകൽപ്പൂരം കഴിയുന്നതുവരെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ ഫയർലൈനിൽ നിന്നും നിയമാനുസൃത അകലത്തിൽ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ.വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ളതും നിർമ്മാണാവസ്ഥയിലുള്ളതും കൈവരികളും കോണിപ്പടികളും ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കാണികൾ കയറുന്നത് നിരോധിച്ചിട്ടുണ്ട്. വെടിക്കെട്ട് കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണം.നിയമലംഘനം നടത്തി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക്ചെയ്യുന്ന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തി. ജനക്കൂട്ടത്തിനിടയിൽ സമൂഹവിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, മോഷണം, പോക്കറ്റടി, പിടിച്ചുപറി എന്നിവ ഇല്ലാതാക്കാൻ ഷാഡോ പോലീസിനേയും, പ്രത്യേകം മഫ്തി പോലീസ് ഉദ്യോഗസ്ഥരേയും, വനിതാ പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്സിബിഷൻ, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങൾക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനും മൈക്ക് അനൗൺസ്മെന്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേയ്ക്കും സന്ദേശങ്ങൾ നൽകാൻ കഴിയും. ജനങ്ങൾക്ക് നൽകുന്ന അറിയിപ്പുകൾ മനസ്സിലാക്കി നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
Comments