ന്യൂഡൽഹി: ഇന്ത്യയിലെ ആളുകളുടെ ‘ മൻ കി ബാത്ത്’ ആണ് മൻ കി ബാത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദശലക്ഷക്കണക്കിന് ജനങ്ങളുടെ മനസറിഞ്ഞ് അവരുടെ ശബ്ദമാവുകയാണ് മൻ കി ബാത്ത് എന്നാണ് നൂറാമത്തെ എപ്പിസോഡിൽ നരേന്ദ്രമോദി പറഞ്ഞത്. വികാരഭരിതമായ ആയിരക്കണക്കിന് കത്തുകളും സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പങ്കാളിത്തം ആഘോഷമാക്കുന്ന ഉത്സവമാണ് മൻ കി ബാത്ത്. മറ്റുള്ളവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ലോകത്തിന് പ്രചോദനമാകുന്നതിനുമുള്ള വേദിയാണ് ഇതെന്നടും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മൻ കി ബാത്ത് എനിക്ക് വ്രതവും തീർത്ഥയാത്രയുമാണ്. രാജ്യത്തെ താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻ കി ബാത്തിന് കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്നു. എന്നാൽ ഡൽഹിയിൽ എത്തിയതിന് ശേഷം ഉത്തരവാദിത്തം കൂടി. എങ്കിലും രാജ്യത്തുള്ള മുഴുവൻ ജനങ്ങളോടും സംവദിക്കണമെന്ന് ഞാൻ നിശ്ചയിച്ചു. ആ ആഗ്രഹ പൂർത്തീകരണമാണ് മൻ കി ബാത്ത് എന്ന പരിപാടിയായി മാറിയത്.
മൻ കി ബാത്ത് ഒരു തീർത്ഥയാത്രയാണ്. താഴേത്തട്ട് മുതൽ ചലനങ്ങളുണ്ടാക്കാൻ മൻകി ബാത്തിന് കഴിഞ്ഞു. പല ഉദ്യമങ്ങൾക്കും മൻ കി ബാത്ത് നൽകിയ ഊർജ്ജം ചെറുതല്ല. സംരഭങ്ങൾക്ക് മൻ കി ബാത്തിലൂടെ കൂടുതൽ ജനശ്രദ്ധ കിട്ടി. നൂറാം പതിപ്പിലെത്തി നിൽക്കുന്ന വേളയിൽ നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ലഭിച്ചത്. അതെല്ലാം ഏറെ സന്തോഷം പകരുന്നതാണ്. അഭിനന്ദനങ്ങൾ പ്രചോദനമാണ്. നല്ല സന്ദേശങ്ങളുമായി മൻ കി ബാത്ത് മുമ്പോട്ട് പോകും ‘-അദ്ദേഹം വിശദീകരിച്ചു.
തിന്മയുടെ മേൽ നന്മ വിജയിച്ച ദിനമാണ് വിജയദശമി. 2014-ലെ വിജയദശമി ദിനത്തിലാണ് മൻ കി ബാത്ത് ആരംഭിച്ചത്. 100 പതിപ്പുകൾ പിന്നിടുമ്പോഴും ഇത് ആഘോഷമായി തന്നെ തുടരുകയാണ്. നന്മയുടെയും നല്ല കാഴ്ചപ്പാടിന്റെയും ഉത്സവമായി മാറിയിരിക്കുകയാണ് മൻ കി ബാത്ത്- നരേന്ദ്രമോദി വ്യക്തമാക്കി. മൻ കി ബാത്തിൽ മുൻപ് പ്രതിപാദിച്ച ചില വ്യക്തികളുമായി പ്രധാനമന്ത്രി പ്രസംഗമധ്യേ സംവദിച്ചു.
















Comments