ഏറെ നാളുകൾക്ക് ശേഷം ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കാനെത്തി നടൻ ബാല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ഏകദേശം രണ്ട് മാസങ്ങൾക്ക് ശേഷമാണ് വിശേഷങ്ങൾ പങ്കുവെച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും ബാല നന്ദി പറഞ്ഞു. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ ശേഷം പങ്കുവച്ച വീഡിയോയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും പുതിയ സിനിമകൾ വരുമെന്നാണ് പ്രതീക്ഷയെന്നും വീഡിയോയിൽ ബാല പറഞ്ഞു.
ഏകദേശം രണ്ട് മാസമായി നിങ്ങൾക്ക് മുന്നിൽ വന്നിട്ടും സംസാരിച്ചിട്ടും. നേരിട്ട് തന്നെ വന്ന് സംസാരിക്കുമെന്ന് കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് വീണ്ടും പുതിയൊരു ജീവിതം തുടങ്ങുകയാണ്. എല്ലാവരോടും നന്ദി പറയുന്നു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരു കാര്യമേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് സ്‌നേഹമാണ്.
സമയം എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഏത് നിമിഷവും മനുഷ്യന് എന്ത് വേണമെങ്കിലും സംഭവിക്കാം. കോടീശ്വരനായാലും ഭിക്ഷക്കാരനായാലും ഒരു നിമിഷം മതി എല്ലാം മാറ്റി മറിച്ച് പോകാൻ. അതിനുമേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ട്. അവിടെ മതവുമില്ല ജാതിയുമില്ല. ഈ വീഡിയോയിലൂടെ എന്റെ സ്‌നേഹം അറിയിക്കുന്നു. ഇനി നല്ല രീതിയിൽ മുന്നോട്ട് പോണം. സിനിമകൾ ചെയ്യണം. കൂടാതെ എല്ലാവർക്കും എന്റെ സർപ്രൈസുകൾ ഉണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം.
മാർച്ച് ആദ്യവാരമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യദിവസങ്ങളിൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ ചികിത്സയിലായിരുന്നു ബാല. എന്നാൽ ഇതിന് മുൻപും കരൾരോഗവുമായി ബന്ധപ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. അപ്പോൾ ആരോഗ്യ സ്ഥിതി മോശമായിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. ശേഷം വിജയകരമായി കരൾ മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും നടന്നു.
Comments