തിരുവനന്തപുരം: അരിക്കൊമ്പന്റെ ആരോഗ്യ നില തൃപ്തികരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ആനയെ നിരന്തരം നിരീക്ഷിക്കുമെന്നും എന്തെങ്കിലും അത്യാവശ്യം വന്നാൽ വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടുവെന്നാണ് ലഭിച്ച സൂചനകൾ. ആനയുടെ ചെറു ചലനങ്ങൾ പോലും നിരീക്ഷിക്കുകയാണ്. കോളർ ഐഡിയിലൂടെ ആനയുടെ അസ്വസ്ഥത ഉൾപ്പടെ നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. നിരീക്ഷണം 24 മണിക്കൂറും തുടരുമെന്നും വനം മന്ത്രി വിശദീകരിച്ചു. ചിന്നക്കനാലിൽ ഒരു കൂട്ടം ആനകൾ സിമന്റ് പാലത്തിന് സമീപം ഇറങ്ങിയത് ഏറെ ജാഗ്രതയോടെയാണ് വനം വകുപ്പ് നിരീക്ഷിക്കുന്നതെന്നും ശശീന്ദ്രൻ അറിയിച്ചു.
പെരിയാർ റിസർവിന് സമീപം പൂജ നടത്തിയ സംഭവം ചർച്ച ആക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ നാട്ടിലും ഓരോ രീതിയുണ്ട്. അതുപ്രകാരമാണ് ഇന്നലെ നടന്ന പൂജയെന്നും തങ്ങളുടെ സഹവാസി ആയാണ് അവർ ആനയെ കാണുന്നത്. ആനയുടെ ആരേഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്‌ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്‌നലിൽ നിന്നും വ്യക്തമായതായി അധികൃതർ വ്യക്തമാക്കിയിരുന്നു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.
















Comments