തൃശൂർ: വടക്കുംനാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. പൂരമാസ്വദിക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം കുടകളാണ് ഇരുവിഭാഗങ്ങളും ഉയർത്തിയത്. പ്രത്യേക കുടകളിൽ ശ്രദ്ധേയമായി മാറിയത് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത പൂങ്കുന്നം ഹനുമാൻ വിഗ്രഹത്തിന്റെ കുടയാണ്. തിരുവമ്പാടിയുടെ അവസാനങ്ങളിലുള്ള തുറുപ്പ് ചീട്ടായിരുന്നു ഹനുമാൻ വിഗ്രഹത്തിന്റെ കുട. തിരുവമ്പാടിയുടെ സ്പ്യഷ്യൽ കുടയായിട്ടായിരുന്നു പുങ്കുന്നം ഹനുമാൻ വിഗ്രഹത്തിന്റെ ചിത്രമിറക്കിയത്.
ഏതാണ് മികച്ചതെന്ന് പറയാനാകാത്ത വിധം മനോഹരമായിരുന്നു ഇരു വിഭാഗത്തിന്റെയും കുടകൾ. നിറങ്ങളുടെ ഈ മത്സരത്തിന് മാറ്റുകൂട്ടാൻ സ്പെഷ്യൽ കുടകളും ഇരുവിഭാഗത്തിന്റെയും ആവനാഴിയിലുണ്ടായിരുന്നു. വിവിധ തരത്തിലുള്ള കുടകൾ ഉയരുന്നത് കണ്ണുചിമ്മാതെ ജനങ്ങൾ നോക്കി നിന്നു. തിരുവമ്പാടിയും പാറമേക്കാവും മത്സരിച്ച് കുടമാറ്റിക്കൊണ്ടിരുന്നു. തിരുവമ്പാടി അവസാന നിമിഷങ്ങളിലാണ് തികച്ചും വ്യത്യസ്തമായ കുടകൾ നിവർത്തി കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
Comments