ഇടുക്കി: പ്രണയം നടിച്ച് അതിഥി തൊഴിലാളി പതിനഞ്ചുകാരിയെ ബംഗാളിലെ അതിർത്തി ഗ്രാമത്തിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഈ മാസം 23നാണ് വെങ്ങല്ലൂരുനിന്നും പെൺകുട്ടിയെ കാണാതായത്. ചെറിയ പരിചയം മുതലാക്കി കുട്ടിയെ പ്രണം നടിച്ച് പ്രലോഭിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് പ്രതിയുടെ വീട്. ഇയാളുടെ സഹോദരിക്ക് ബംഗ്ലാദേശിൽ സ്വന്തമായി വീടുമുണ്ട്. പെൺകുട്ടിയെ അവിടേക്ക് കടത്താനുള്ള നീക്കമുണ്ടായിരുന്നെന്ന് സംശയിക്കുന്നു. ബംഗാളിലേയ്‌ക്ക് കടത്താൻ സഹായം നൽകിയവരെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ.
പെൺകുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡോംകാലിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്ഖിനെ (23) തൊടുപുഴ പോലീസ് പിടികൂടിയിരുന്നു.
പെൺകുട്ടിയെ പ്രതിയുടെ ബന്ധുവീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഡോംകാൽ പൊലീസിന്റെ സഹായത്തൊടെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി സുഹൈലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
















Comments