ജിദ്ദ : സുഡാനിൽ നിന്ന് ഇതുവരെ 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ കാവേരിയിലൂടെയാണ് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെയാണ് വിവരം പങ്കുവെച്ചത്.
3,000 ത്തോളം ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി സുഡാനിൽ നിന്ന് രക്ഷിക്കാൻ ഓപ്പറേഷൻ കാവേരിക്ക് സാധിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ
2300 പേർ ഇന്ത്യയിലെത്തിക്കാൻ സാധിച്ചു. പ്രത്യേക വിമാനങ്ങളിലായാണ് ഇവരെ ജിദ്ദയിൽ നിന്നും നാട്ടിലെത്തിച്ചത്. 1867 പേർ അടങ്ങുന്ന ഒൻപതാം സംഘം ഇന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയിരുന്നു.
ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനങ്ങളിലും വ്യോമസേന വിമാനങ്ങളിലുമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നത്. കൂടാതെ, രണ്ട് വ്യോമസേന വിമാനങ്ങളാണ് സുഡാൻ പോർട്ടിൽ രക്ഷാപ്രവർത്തനതിനായി എത്തിയിരുന്നത്. ജിദ്ദയിലും സുഡാൻ പോർട്ടിലും ഇന്ത്യ പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിരുന്നു. വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേരിട്ട് ജിദ്ദയിലെത്തിയാണ് ഓപ്പറേഷൻ കാവേരി സംയോജിപ്പിക്കുന്നത്.
സൈന്യവും ആർഎഎഫും തമ്മിലുള്ള പോരാട്ടം സുഡാനെ തീർത്തും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ വെടി നിർത്തലിനായി ചർച്ചകൾ നടത്തിയെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
Comments