ഇടുക്കി: ചിന്നക്കനാലിൽ നിന്ന് കാടുമാറ്റിയ അരിക്കൊമ്പനെ കുമളിയിൽ സ്വീകരിച്ചത് ഗജരാജ പൂജ നടത്തിയാണ്. ഏറെ താമസിക്കാതെ തന്നെ ഇത് വിവാദമാവുകയും ചെയ്തിരുന്നു. എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൂജാരിയായ അരുവി. അരിക്കൊമ്പനെ ആനയായിട്ടല്ല തങ്ങളുടെ വീട്ടിലെത്തിയ അതിഥിയായിട്ടാണ് കണ്ടത്. പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തുന്ന എല്ലാ മൃഗങ്ങളേയും പൂജ നടത്തിയാണ് തങ്ങൾ സ്വീകരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
കാട്ടിലെത്തുന്ന മൃഗങ്ങളെ ബഹുമാനപൂർവം സ്വീകരിക്കും. കാടിനെ വിശ്വസിച്ച് ജീവിക്കുന്നവരാണ് അവിടെയുള്ളവരെല്ലാം. ആർക്കും ഒരു പ്രശനവും ഇല്ലാതെ ആയിരിക്കണം അരിക്കൊമ്പൻ പുതിയ ലോകത്ത് ജീവിച്ച് തുടങ്ങാൻ. കാടിനും ജീവജാലങ്ങൾക്കും അരിക്കൊമ്പനെക്കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകരുത്. കൂടാതെ അരിക്കൊമ്പന് ആയുരാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കട്ടെ എന്നുമാണ് പൂജയിലൂടെ ഉദ്ദേശിച്ചതെന്നും പൂജാരി പറഞ്ഞു. കാടൊരു പുണ്യഭൂമിയാണ്. ആനയുള്ള വഴിയിലൂടെ പോകാതെ വഴി മാറി പോകുക. അതിന്റെ അടുത്തേയ്ക്ക് ചെല്ലുമ്പോഴാണ് അത് മനുഷ്യന് അക്രമകാരിയാകുന്നത്. ആ വിശ്വാസമാണ് ഞങ്ങളെ കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. വനം വകുപ്പിന്റെ അനുവാദത്തോടെ ആയിരുന്നു പൂജ നടത്തിയത്.
Comments