തിരുവനന്തപുരം: ഇടത് സഹയാത്രികൻ സന്ദീപാനന്ദയുടെ കുണ്ടമൺകടവിലെ ഹോംസ്‌റ്റേ കത്തിച്ച കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ കുടുക്കാൻ പോലീസ് ശ്രമം. ഹോംസ്‌റ്റേ കത്തിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഗിരികുമാറിന് ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
സംഭവത്തിൽ പ്രതിഷേധിച്ച് ബജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാർച്ച് ബിജെപി സംസ്ഥാന ജന. സെക്രട്ടറി അഡ്വ.പി. സുധീർ ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ കുമാർ പറഞ്ഞു. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വർഷം രണ്ട് അസി.കമ്മീഷണർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കേസിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തിൽ തന്നെ നശിപ്പിച്ചിരുന്നു. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല . സിപിഎമ്മിന്റെ ആഞ്ജാനുവർത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ പോലും പരിശോധനയ്‌ക്ക് വിധേയമാക്കാതെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്നും സുധീർ കുമാർ ചൂണ്ടിക്കാട്ടി.
തിരു: നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിച്ചയാളാണ് ഗിരികുമാർ. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരി കുമാറാണ്. ഈ രാഷ്‌ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിൽ. സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത് . സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത് പുറത്തുവരും. ബിജെപി നേതാക്കൾക്കെതിരെ കള്ളകേസ് ചുമത്തി ബിജെപിയെ ദുർബലപ്പെടുത്താമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹമാണ് . ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും പി. സുധീർ വ്യക്തമാക്കി.
















Comments