ബെംഗളൂരു: മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്നാണ് അംബേദ്ക്കർ പറഞ്ഞതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണഘടയുടെ അന്തസത്തയാണിത്. എന്നാൽ മുസ്ലീം സംവരണത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിന്റെ സമീപനം ശരിയല്ല. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബജ്‌റംഗ്ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഹിമന്ത ബിശ്വ പ്രതികരിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രിക പോപ്പുലർ ഫ്രണ്ടിന്റെ പത്രിക പോലെയാണ്. മുസ്ലീം വിഭാഗത്തെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസ് അവരെ പിന്തുണയ്‌ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിദ്ധരാമയ്യയുടെ ഭരണക്കാലത്ത് പിഎഫ്‌ഐക്കെതിരായ കേസുകൾ പിൻവലിച്ചിരുന്നു. മുസ്ലീംങ്ങളെ പ്രീതിപ്പെടുത്താനാണ് ഏക്കാലവും അവർ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ പ്രകടനപത്രിക പിഎഫ്‌ഐയുടെയും മുസ്ലീംസംഘടനകളുടെയും പ്രകടനപത്രിക പോലെയാണെന്നും ബിശ്വ ശർമ കുറ്റപ്പെടുത്തി.
കർണാടകയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതുവഴി മുസ്ലീം സ്ത്രീകൾക്ക് ലിംഗനീതിയും തുല്യാവകാശവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിൽ ധീരമായ പ്രതിബദ്ധതയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇത് രാജ്യത്തുടനീളം യൂണിഫോം സിവിൽ കോഡ് നടപ്പാക്കാനുള്ള അവസരം സൃഷ്ടിക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
















Comments