തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വസ്തുനികുതിയുള്ള സംസ്ഥാനം കേരളമെന്ന് തദ്ദേശ സ്വയംരണ വകുപ്പ് മന്ത്രി എംബി രാജേഷ്. വസ്തുനികുതി പരിഷ്‌കരണത്തിൽ സംസ്ഥാന സർക്കാർ വലിയ വർദ്ധനവാണ് വരുത്തിയതെന്ന് പറയുന്നത് അടിസ്ഥാന രഹിതമെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച 25 ശതമാനം വർദ്ധനവ് സർക്കാര് അഞ്ച് ശതമാനമാക്കി കുറയ്‌ക്കുകയാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
വർദ്ധിപ്പിച്ച പെർമിറ്റ് ഫീസിൽ ഒറ്റ പൈസ പോലും സർക്കാരിനുള്ളതല്ല, മുഴുവൻ പണവും തദ്ദേശ സ്ഥാപനങ്ങൾക്കുള്ളതാണ്. നിരക്ക വർദ്ധിപ്പിച്ചത് സർക്കാരിന് പണമുണ്ടാക്കാനാണ് എന്ന് പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു. ഇത് ഏറെ നിർഭാഗ്യകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാനുസൃതമായി നിരക്ക് വർദ്ധിപ്പിക്കാത്തതിനാലാണ് ഒറ്റയടിയ്‌ക്ക് വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടായത്. തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തരമായ ആവശ്യവും അവരുടെ അവസ്ഥയും കണക്കിലെടുത്താണ് തീരുമാനം.
വസ്തു നികുതി 2018-ൽ പരിഷ്‌കരിക്കേണ്ടതായിരുന്നു. എന്നാൽ 2018-ലും 2019-ലും പ്രളവും പിന്നീട് കൊറോണ മഹാമാരിയും മൂലം ഇത് 2023-ലേക്ക് നീങ്ങുകയായിരുന്നു. 2018-ൽ തന്നെ 25 ശതമാനം വർദ്ധന നടപ്പാക്കണമെന്ന ധനകാര്യ കമ്മീഷന്റെ ശുപാർശ അഞ്ച് വർഷം കഴിഞ്ഞ് അഞ്ച് ശതമാനമാക്കി നടപ്പാക്കുമ്പോൾ അത് അന്യായമായ വർദ്ധനവാണെന്ന പ്രചരണം തെറ്റിദ്ധാരണ ജനിപ്പിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.
















Comments