റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും വിവാഹിതരായി. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. സിനിമാ സീരിയൽ ലോകത്തെ നിരവധിപേരാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ തന്റെ വിവാഹ വിശേഷങ്ങളെല്ലാം തന്നെ മാളവിക യൂട്യൂബിലൂടെയും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നതാണ്. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങിന്റെയും റിസപ്ഷന്റെയുമെല്ലാം വിഡിയോകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുകയാണ്. റിയാലിറ്റി ഷോയിലൂടെയുള്ള പരിചയമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് മാളവിക നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, വിവാഹ ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴും അത് ആവർത്തിച്ചിരിക്കുകയാണ് തേജസും മാളവികയും.
കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തിയെന്നും മാളവിക പറഞ്ഞു.
ചുവപ്പു സാരിയിൽ പരമ്പരാഗത ഡിസൈനിലുള്ള സ്വർണ ആഭരണങ്ങളണിഞ്ഞ് അതിമനോഹരിയായാണ് മാളവിക വിവാഹത്തിന് അണിഞ്ഞൊരുങ്ങിയത്. കല്യാണ ചടങ്ങിന് ശേഷമായി സെറ്റ് സാരിയണിഞ്ഞും മാളവിക എത്തിയിരുന്നു. മഞ്ഞ കുര്‍ത്തിയും മുണ്ടുമായിരുന്നു തേജസിന്റെ വേഷം. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്നത്.
















Comments