കേരളത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവും പൗരാണികവുമായ ക്ഷേത്രത്തിലൊന്നാണ് മംഗളാ ദേവി ക്ഷേത്രം. വർഷത്തിലൊരിക്കൽ മാത്രമാണ് ഭക്തർക്ക് ഇവിടെ പ്രവേശനമുള്ളത്. അത് ചിത്രാ പൗർണ്ണമി നാളിലാണ്. ആ ഒരു ദിവസത്തിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സഞ്ചാരികളും വിശ്വാസികളും ചരിത്ര പ്രേമികളും നീണ്ട കാത്തിരിപ്പിലാണുള്ളത്. ഒരുപാട് വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഇടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം. വനത്തിനുള്ളിലൂടെ മാത്രമേ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കൂ. കണ്ണകി എന്നറിയപ്പെടുന്ന മംഗളാദേവിയുടെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിൽ. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം കൂടിയാണ്. മധുരാപുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്നതാണ് ഐതീഹ്യം. 14 ദിവസത്തിന് ശേഷം കണ്ണകി ഇവിടെ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോയതായും വിശ്വസിക്കുന്നു.
കടൽ നിരപ്പിൽ നിന്ന് ഏകദേശം 1337 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളാ-തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ മംഗളാ വനത്തിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടം തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാന്നിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം നടക്കുക. പശ്ചിമഘട്ട മലനിരകൾക്കിടയിൽ കൊടുംകാടിനുള്ളിലാണ് മംഗളാദേവി ക്ഷേത്രം. തമിഴ്നാടും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. മംഗളാദേവിയുടെ വിഗ്രഹത്തിന് പുറമെ കറുപ്പസ്വാമിയുടെ വിഗ്രഹമുണ്ട്, ജീർണ്ണിച്ച ഒരു ശിവക്ഷേത്രമുണ്ട്, ഗണപതിക്കായി ഒരു ശ്രീകോവിലും ഇവിടെയുണ്ട്. ക്ഷേത്രത്തിന് താഴെ ഒരു ഭൂഗർഭ പാത ഉണ്ടായിരുന്നു, അത് ഇവിടുത്തെ ചില പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഈ രഹസ്യപാത പ്രശസ്തമായ മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് എന്നാണ്. മറ്റുള്ളവർ പറയുന്നത് അത് പാണ്ഡ്യരാജാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴിയാണ് എന്നാണ്.
പുരാതനമായ നിർമ്മാണശൈലിയിൽ തീർത്തിരിക്കുന്ന ക്ഷേത്രം കരിങ്കല്ലുകൾ അടുക്കി എടുത്തുവെച്ച പോലെ പാണ്ഡ്യൻ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പലഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണുള്ളത്. ക്ഷേത്ര നശിച്ചത് സംബന്ധിച്ച് വിശ്വാസയോഗ്യമായ തെളിവുകളൊന്നുമില്ല. എന്നാൽ ശ്രീകോവിലിന്റെ പല ഭാഗങ്ങളും പ്രതിഷ്ഠയുടെ ഭാഗങ്ങൾ പോലും തകർന്ന നിലയിലായതിനാൽ പ്രതിഷ്ഠ ഏതെന്നു പോലും കൃത്യമായി അറിയാത്ത നിലയിലായിരുന്നു. നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ 1980-കളിൽ തമിഴ്നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെയാണ് ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്ന ഇവിടം തർക്കഭൂമിയായി മാറിയത്. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും മറ്റൊന്നിൽ തമിഴ്‌നാട്ടിലെയും പൂജാരിമാർക്ക് പൂജയ്‌ക്ക് അനുവാദം നൽകാൻ തീരുമാനിച്ചു.
വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്. ചിത്രാപൗർണമി ആഘോഷങ്ങൾക്കായി വർഷത്തിലൊരിക്കൽ മാത്രമേ ഏപ്രിൽ/മെയ് മാസങ്ങളിൽ ക്ഷേത്രം ഭക്തർക്കായി തുറക്കൂ. ഈ പൗർണ്ണമി ദിനത്തിൽ, തമിഴ്നാട്ടിലെയും കേരളത്തിലെയും പൂജാരിമാർ ക്ഷേത്രത്തിൽ ആചാരപരമായ പ്രാർത്ഥനകൾ നടത്തുന്നു. ഈ വർഷത്തെ മംഗളാദേവി ചിത്രാപൗർണ്ണമി ഉത്സവം മെയ് 5-ന് ആണ്. കണ്ണകി ട്രസ്റ്റ്, തമിഴ്നാട് ഗണപതി ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകർ.
മംഗളാദേവിയുടെ ക്ഷേത്രം തകർന്ന നിലയിലായതിനാൽ ചിത്രാ പൗർണ്ണമി നാളിൽ ക്ഷേത്രോത്സവത്തിൽ പൂജിക്കുന്ന വിഗ്രഹം കമ്പത്തുനിന്നും കൊണ്ടുവരുന്നതാണ് പതിവ്. ഇത് പഞ്ചലോഹ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണിവരെ പ്രത്യേക പൂജകൾ നടക്കുന്നത്. പ്രധാന ദേവതയായ മംഗള ദേവിയെ പുഷ്പങ്ങൾ, പട്ട് മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അന്നേ ദിവസം മുഴുവൻ പൂജകൾ നടത്തുന്നു. താലിയും സ്ത്രീ ഭക്തരുടെ സ്ഫടിക വളകളും ഉത്സവത്തിൽ അനുഗ്രഹിക്കപ്പെടുന്നു. സ്ത്രീകൾ ഈ ശുഭദിനത്തിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുകയും ചെയ്യുന്നു.
സന്ദർശകർക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. 2 മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാൻ അനുവദിക്കില്ല. 5 മണിയോട് കൂടി എല്ലാവരും പൂർണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്. ഭക്തരും സഞ്ചാരികളും ഉൾപ്പടെ 25,000ത്തോളം ആളുകൾ ഈ ഉത്സവത്തിന് എത്തിച്ചേരുന്നത്. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തിവിടുകയില്ല. പ്രത്യേക അനുമതി ലഭിച്ച ടാക്‌സി ജീപ്പുകളിലോ അല്ലെങ്കിൽ 15 കിലോമീറ്റർ കാൽനടയായോ ഈ ഒരു ദിവസം ഭക്തന്മാർക്ക് മംഗളാദേവി ക്ഷേത്രത്തിൽ എത്തിച്ചേരാം. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ ടൈഗർ റിസർവ്വ് വനം വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. യാത്രയിൽ സഹായങ്ങളുമായി കേരള-തമിഴ്‌നാട് സർക്കാരുകൾ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാവും. ഒരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും യാത്രയിൽ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
അനീഷാ അനിരുദ്ധൻ
Comments