ജിദ്ദ : ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ജിദ്ദയിൽ നിന്ന് 14 ഭാരതീയർ അടങ്ങുന്ന മറ്റൊരു സംഘം കൂടി മുംബൈയിലേയ്‌ക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിലാണ് ജിദ്ദയിൽ നിന്ന് മുംബൈയിലേയ്‌ക്ക് പുറപ്പെട്ടത്. ഇതിനോടകം 3500-ൽ അധികം ഇന്ത്യക്കാരെയാണ് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തിച്ചത്.
14 ഭാരതീയർ അടങ്ങുന്ന സംഘം ജിദ്ദയിൽ നിന്ന് മുംബൈയിലേയ്‌ക്ക് പുറപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സുഡാനിൽ നിന്ന 135 ഇന്ത്യക്കാരുമായി 22-ാമത്തെ സംഘം ജിദ്ദയിൽ എത്തിയതായി അധികൃതർ അറിയിച്ചു. കൂടാതെ, 62 ഇന്ത്യക്കാർ കൂടി ന്യൂഡൽഹിയിൽ എത്തിയിരുന്നു. ജിദ്ദയിൽ തുടരുന്ന ബാക്കിയുള്ളവരെയും ഉടൻ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സുഡാനിൽ സൈന്യവും അർദ്ധസൈന്യവും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സുഡാനീസ് ആർമിഡ് ഫോഴ്സും (എസ്എഎഫ്) റാപ്പിഡ് സപ്പോർട്ട് ഫോഴ്സും ( ആർഎസ്എഫ് ) ഏഴ് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി ദക്ഷിണ സുഡാൻ മന്ത്രാലയം അറിയിച്ചു. സുഡാൻ കലാപത്തിൽ ഇതുവരെ 528 പേരാണ് കൊല്ലപ്പെട്ടത്. പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഖാർത്തൂമിൽ നിന്ന് പോർട്ട് സുഡാനിലേയ്‌ക്ക് മാറ്റിയിരിക്കുകയാണ്.
















Comments