ഡിവോഴ്‌സ് ഫോട്ടോഷൂട്ട് നടത്തി പ്രശസ്തയായ താരമാണ് തമിഴ് സീരിയൽ നടി ശാലിനി. ചുവപ്പു നിറമുള്ള സ്ലിറ്റ് ഗൗൺ ധരിച്ചുള്ള ഫോട്ടോഷൂട്ടിൽ ഭർത്താവുമൊന്നിച്ചുള്ള ചിത്രം വലിച്ചു കീറുകയും, മറ്റൊരെണ്ണം കാലുകൊണ്ട് ചവിട്ടി മെതിക്കുന്നതുമായ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. വൈറലായ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. കേരളത്തിലും കുറച്ചു ദിവസങ്ങളായി ശാലിനിയുടെ ഫോട്ടോഷൂട്ട് ട്രോളുകൾക്ക് വിഷയമാണ്. ഇതൊരു ബിസിനസ് ആയി മാറുമോ എന്നതരത്തിലുള്ള ചോദ്യം പലരും ഉന്നയിച്ചിരുന്നു. വിമർശനങ്ങളോട് ശാലിനിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വിവാദങ്ങൾക്ക് മറുപടി പറഞ്ഞത്.
തന്റെ ഫോട്ടോഷൂട്ടിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് ഏവർക്കും നന്ദി. ഇപ്പോൾ ഞാൻ അഭിമുഖങ്ങൾക്കൊന്നും തയ്യാറല്ല. എന്റെ ചിത്രങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയല്ല, സമാന സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പ്രചോദനമാകാൻ വേണ്ടിയുള്ളതാണ്. ശബ്ദിക്കാൻ കഴിയാത്തവരുടെ ശബ്ദമാവുകയായിരുന്നു എന്റെ ഉദ്ദേശം. എന്റെ ഫോട്ടോഷൂട്ടിനെയും, അതിലെ സന്ദേശത്തെയും പിന്തുണച്ചവരോട് നന്ദി. വിമർശകരോട് പറയാൻ ഇത്രമാത്രം, ഞാൻ നടന്ന വഴികളിലൂടെ സഞ്ചരിച്ചവർക്ക് മാത്രമേ ഞാൻ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളും മനസിലാകൂ. എന്നായിരുന്നു ശാലിനിയുടെ പ്രതികരണം.
താൻ ഈ ലോകത്ത് 99 പ്രശ്‌നങ്ങൾ നേരിട്ടാലും, അതിൽ ഭർത്താവ് ഉൾപ്പെടില്ല എന്ന ഉറക്കെ പ്രഖ്യാപനമായിരുന്നു ശാലിനിയുടെ ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിൽ പക്ഷെ ശാലിനി മറ്റാരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോഷൂട്ടിന്റെ വിശദീകരണവും ശാലിനി പോസ്റ്റ് ചെയ്തിരുന്നു.
Comments