കൊച്ചി: സിനിമ കാണാൻ ആളില്ലാത്തതിനാൽ തിയറ്ററുകൾ പ്രതിസന്ധി നേരിടുകയാണെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഇതിനോടകം മൂന്ന് തിയറ്ററുകൾ ജപ്തി ചെയ്തു. 15 ഓളം തിയറ്ററുകൾ ഏത് നിമിഷവും ജപ്തി ചെയ്‌തേക്കാമെന്ന ഭീഷണി നേരിടുകയാണ്. ഇവയിൽ മിക്കതും ഒന്നിലേറെ സ്‌ക്രീനുകളുള്ളതാണ്. കോടികൾ മുടക്കി പുതുക്കിപ്പണിഞ്ഞ 60 ശതമാനം തിയറ്ററുകളും വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാത്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.
പത്ത് വർഷം മുൻപ് കേരളത്തിൽ 1250 സ്‌ക്രീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 613 സ്‌ക്രീനുകൾ മാത്രമാണ് പ്രവർത്തന യോഗ്യമായിട്ടുള്ളത്. അഞ്ച് വർഷത്തിനിടെയാണ് ഏറ്റവും കൂടുതലായി തീയറ്ററുകൾ പ്രദർശനം അവസാനിപ്പിച്ചത്. പ്രേക്ഷകർ ഇനിയും തീയറ്ററുകളിൽ എത്തിയില്ലെങ്കിൽ ബാക്കിയുള്ള സ്‌ക്രീനുകളും വർഷാവസാനത്തോടെ പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ചലച്ചിത്രമേഖല.
അടുത്തിടെ പുറത്തിറങ്ങിയ 50 ശതമാനം സിനിമകൾക്കും പല തിയറ്ററുകളിലും ഒരു പ്രദർശനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ഈ പ്രതിസന്ധി ഇനിയും തുടരുമെന്നാണ് കരുതുന്നതെന്നും കെ. വിജയകുമാർ പറഞ്ഞു.
















Comments