സ്ഥാനപ്പേര് തെറ്റായി പറഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ രഞ്ജിത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ഔദ്യോഗിക സ്ഥാനപ്പേര് വിളിക്കാതെ അവതാരൻ ജനറൽ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചതാണ് രഞ്ജിതിനെ ചൊടിപ്പിച്ചത്.
തെറ്റ് മനസിലാക്കിയ അവതാരകൻ തിരുത്തി ചലച്ചിത്ര അക്കാദമി ജനറൽ സെക്രട്ടറി എന്ന് പിന്നീട് വിശേഷിപ്പിച്ചു. എന്നാലും രഞ്ജിത് വേദിയിൽ കയറാൻ വിസമ്മതിക്കുകയായിരുന്നു. ശേഷം അവതാരകൻ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് രഞ്ജിത് വേദിയിലെത്തിയത്. വേദിയിലെത്തിയതിന് പിന്നാലെ അവതാരകനെ പരസ്യമായി ശാസിക്കുകയും ചെയ്തു ചലച്ചിത്ര അക്കാദമി ചെയർമാൻ. “വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണെന്നും എല്ലാം അറിഞ്ഞുവെന്ന ധാരണയിൽ ഒരു ഇട്ടാവട്ട സ്‌റ്റേജിൽ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തേക്കുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കണം” -രഞ്ജിത് പറഞ്ഞു.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. മാദ്ധ്യമങ്ങളിലെ വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
















Comments