തിരുവനന്തപുരം: ഈ മാസത്തെ റേഷൻ വിതരണം ഇന്നുമുതൽ തുടങ്ങും. ഏപ്രിലിൽ സാങ്കേതികതകരാർ മൂലം രണ്ട് ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം റേഷൻകടകളുടെ പ്രവർത്തനം തൃപ്തികരമായി നടന്നു വരികയാണ്. മുൻമാസങ്ങളിലെ പോലെതന്നെ ഏപ്രിൽ മാസവും 78 ശതമാനം റേഷൻ കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
ഏപ്രിൽ മാസം മുൻഗണനാ വിഭാഗത്തിൽ നിന്നും മഞ്ഞ കാർഡുടമകൾ 97 ശതമാനവും പിങ്ക് കാർഡുടമകൾ 93 ശതമാനവും റേഷൻ വിഹിതം കൈപ്പറ്റി. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5ന് അവസാനിച്ചു. മെയ് മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. സാങ്കേതിക തകരാർ കാരണം സംസ്ഥാനത്തെ ഒരാൾക്കും റേഷൻ മുടങ്ങിയിട്ടില്ലെന്നും എല്ലാ കാർഡ് ഉടമകൾക്കും റേഷൻ വാങ്ങാൻ അവസരം നല്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയ് മാസം വെള്ളകാർഡുടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ നാല് ദിവസങ്ങളിൽ റേഷൻകടകൾ ഷിഫ്റ്റ് സംവിധാനത്തിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂർണ സമയവും തുറന്ന് പ്രവർത്തിച്ചിരുന്നു.എല്ലാ മാസവും 75 മുതൽ 80 ശതമാനം വരെ കാർഡുടമകളാണ് റേഷൻ വിഹിതം കൈപ്പറ്റാറുള്ളത്.
Comments