എറണാകുളം: തൃശൂർ തമ്പൂർമൂഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ മൃതദേഹത്തിൽ നിന്നും പ്രതി അഖിൽ മാല മോഷ്ടിച്ചു. കൊലപാതകത്തിന് ശേഷം ആതിരയുടെ ഒന്നര പവന്റെ മാലയാണ് പ്രതി കവർന്നത്. ഈ മാല അങ്കമാലിയിലെ സ്വകാര്യ വ്യക്തിയുടെ പക്കൽ പണയം വച്ചതായും അഖിൽ പോലീസിന് മൊഴി നൽകി.
എന്നാൽ, വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്. തെളിവെടുപ്പിന് വേണ്ടി അഖിലിനെ പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും. ആതിരയിൽ നിന്നും ആഭരണങ്ങൾ വാങ്ങിയ പോലെ പ്രതി അഖിൽ മറ്റേതെങ്കിലും സ്ത്രീകളിൽ നിന്നും സ്വർണമോ പണമോ വാങ്ങിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്. നിലവിൽ പ്രതി റിമാൻഡിലാണ്.
ഒരാഴ്ച മുൻപാണ് എറണാകുളം കാലടി കാഞ്ഞൂർ സ്വദേശിയായ ആതിരയെ കാണാതായത്. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളി വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിരയെ സുഹൃത്തായ അഖിൽ കൊല്ലുകയായിരുന്നു. ഇടുക്കി സ്വദേശിയായ അഖിലിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇരുവരും തമ്മിൽ ആറ് മാസത്തെ സൗഹൃദമാണുള്ളത്. യുവതിയുടെ പന്ത്രണ്ട് പവനാണ് പ്രതി പണയം വച്ചത്. ഇതു വേഗം എടുത്തു തരാമെന്നായിരുന്നു അഖിൽ പറഞ്ഞിരുന്നത്. പക്ഷേ സ്വർണത്തെക്കുറിച്ചു ചോദിക്കുമ്പോൾ അഖിൽ ഒഴികഴിവുകൾ പറയുകയായിരുന്നു. ആതിരയാണെങ്കിൽ സ്വർണത്തിന് വേണ്ടി നിരന്തരം ആവശ്യം ഉന്നയിക്കുകയും ചെയ്തു. ആതിരയെ ഒഴിവാക്കിയില്ലെങ്കിൽ 12 പവൻ സ്വർണം തിരിച്ചു കൊടുക്കേണ്ടി വരുമെന്ന് അഖിലിന് മനസ്സിലായി. ഇതോടെ ആതിരയെ ഒഴിവാക്കാൻ അഖിൽ ആസൂത്രിതമായ കൊലയ്‌ക്കു പദ്ധതിയിട്ടു. ആതിരയോടു ഫോൺ വീട്ടിൽനിന്ന് എടുക്കേണ്ടെന്ന് പറഞ്ഞതും ഈ പദ്ധതിയുടെ ഭാഗമായാണ്. വനത്തിനുള്ളിലേക്ക് ആതിരയെ ബലപ്രയോഗത്തിലൂടെയല്ല പ്രതി കൊണ്ടുവന്നത്. വാഹനം നിർത്തി എൺപത് കിലോമീറ്ററോളം മാറിയുള്ള വനപ്രദേശത്തേക്ക് ഇരുവരും നടന്ന് പോകുകയായിരുന്നു.
















Comments