പത്തനംതിട്ട: മണിപ്പൂരിൽ നടക്കുന്ന ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷത്തെ വർഗീയ പ്രശ്നമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ മാർ തോമ ചർച്ച് മെമ്പേഴ്സ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം. മണിപ്പൂരിൽ സംവരണത്തിന്റെ പേരിൽ ഗോത്രങ്ങൾ തമ്മിലുള്ള ജാതി സംഘർഷത്തെ മത സംഘർഷമാക്കി ചിത്രീകരിച്ച് കേരളത്തിൽ ഹിന്ദു – ക്രിസ്ത്യൻ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുവാനും സംഘർഷത്തിലേക്ക് നയിക്കുവാനും ചിലർ ശ്രമിക്കുന്നുണ്ടെന്ന് ചർച്ച് മെമ്പേഴ്സ് ചൂണ്ടിക്കാട്ടി. അത് തിരിച്ചറിഞ്ഞു പൊതുസമൂഹം ജാഗ്രതയോടെ ഇരിക്കണമെന്നും അവർ നിർദേശിച്ചു.
നിരവധി പേരാണ് മാർ തോമ ചർച്ച് മെമ്പേഴ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചും പിന്തുണച്ചുമെല്ലാം രംഗത്തെത്തുന്നത്. ഗോത്രവർഗ്ഗക്കാരുടെ പള്ളികൾ അക്രമിച്ചവരുടെ കൂട്ടത്തിൽ മെയ്‌തികളിലെ മുസ്ലിം മത വിശ്വാസികൾ ആയ ആളുകളും ഉണ്ട്, എന്ന് കരുതി അതിനെ മുസ്ലിം- ക്രിസ്ത്യൻ സംഘർഷമായി പറയാൻ സാധിക്കുമോ എന്നും അഭിപ്രായങ്ങൾ പങ്കുവച്ചരോട് മാർ തോമ ചർച്ച് മെമ്പേഴ്സ് കമന്റിലൂടെ ചോദിച്ചു.
നൂറ്റാണ്ടുകൾ ആയി മണിപ്പൂരിൽ സംഘർഷം നില നിൽക്കുന്നുണ്ട്. ഈ പറഞ്ഞ രാഷ്‌ട്രീയ പാർട്ടികൾ ഉണ്ടാവുന്നതിന് മുൻപേ അതുള്ളതാണ്. മണിപ്പൂർ സംഘർഷത്തെ മതസംഘർഷമായി ചിത്രീകരിക്കുന്നതിനും ദേശീയ പാർട്ടിയാണ് പിന്നിലെന്ന് ആരോപിക്കുന്നതിനും മുമ്പ് ചരിത്രം വിശദമായി പരിശോധിക്കുക, എന്നിട്ട് പ്രതികരിക്കുക. മതം അവിടെ ഒരു വിഷയം അല്ല. മെയ്‌തികളിൽ ഹിന്ദു, മുസ്ലിം മതത്തിൽ വിശ്വസിക്കുന്ന ആളുകൾ ഉണ്ട്. അവിടെ നടക്കുന്ന സംഘർഷം മതങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും മാർ തോമ ചർച്ച് മെമ്പേഴ്സ് വ്യക്തമാക്കി.
















Comments