ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ’40 ശതമാനം കമ്മീഷൻ സർക്കാർ’എന്ന തരത്തിൽ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പത്രപരസ്യത്തിനെതിരെ ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയ്‌ക്ക് മുൻപ് മറുപടി നൽകണമെന്നാണ് നിർദ്ദേശം.
40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാർ എന്നായിരുന്നു കോൺഗ്രസിന്റെ പരസ്യത്തിലെ ആരോപണം. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിലെല്ലാം പരസ്യം വന്നിരുന്നു. തുടർന്ന് ബിജെപി നേതാവ് ഓം പതക് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. പത്രപരസ്യം പെരുമാറ്റചട്ട ലംഘനമാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ കോൺഗ്രസ് ലംഘിച്ചെന്നും പ്രഥമ ദൃഷ്ട്യ കമ്മീഷൻ കണ്ടെത്തി.
ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും മറുപടി നൽകില്ലെങ്കിൽ നിയമപ്രകാരം നടപടിയെടുക്കുമെന്നും കമ്മീഷൻ നോട്ടീസിൽ മുന്നറിയിപ്പ് നൽകി. കർണാടക സർക്കാർ ‘ ഡബിൾ എൻജിൻ’ എന്ന് വിശേഷിപ്പിച്ച നേട്ടങ്ങളെയാണ് കോൺഗ്രസ് അഴിമതി എന്ന് ആരോപിച്ച് പത്രത്തിൽ പരസ്യപ്പെടുത്തിയത്. ഇത്തര പ്രവൃത്തികൾ അവിശ്വാസത്തിന്റെ വികാരം വളർത്തുന്നതിനും ഭരണസംവിധാനത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.
'𝐓𝐑𝐎𝐔𝐁𝐋𝐄 𝐄𝐍𝐆𝐈𝐍𝐄' 𝐒𝐚𝐫𝐤𝐚𝐫𝐚
𝐓𝐢𝐦𝐞 𝐅𝐨𝐫 𝐁𝐀𝐇𝐈𝐒𝐇𝐊𝐀𝐑𝐀#BJPRateCard pic.twitter.com/2km6O2uVjI
— Congress (@INCIndia) May 5, 2023
രാഷ്‌ട്രീയ എതിരാളികളുടെ നേട്ടങ്ങളുടെ അഭാവം, ദുഷ്പ്രവൃത്തികൾ, അഴിമതി രഹിത ഭരണം ഉറപ്പാക്കുന്നതിലെ പരാജയം എന്നിവയെക്കുറിച്ചുള്ള പൊതുവായ പരാമർശങ്ങളും സൂചനകളും രാഷ്‌ട്രീയ പ്രചാരണങ്ങളിൽ ഉന്നയിക്കുമ്പോൾ നിർദ്ദിഷ്ട ആരോപണങ്ങൾ വസ്തുതാപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Comments