ബെംഗളൂരു:കർണാടകയിലെ ജനങ്ങൾ ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘കർണാടകയിൽ നരേന്ദ്രമോദിയോ, മറ്റ് ബിജെപി നേതാക്കളോ അല്ല മത്സരിക്കുന്നത്, സാധാരണക്കാരായ ജനങ്ങളാണ് ബിജെപിയ്‌ക്ക് വേണ്ടി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ സമ്പൂർണ നിയന്ത്രണം ജനങ്ങളുടെ കരങ്ങളിലാണ്’ പ്രധാനമന്ത്രി പറഞ്ഞു.
ഇതുവരെ കാണാത്ത അത്രമാത്രം സ്‌നേഹമാണ് ജനങ്ങളിലൂടെ ദർശിക്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോഴാണ് ബാഗൽകോട്ടിലെ ജനങ്ങൾക്ക് മൂന്ന് ലക്ഷം കുടിവെള്ള കണക്ഷനുകൾ ലഭിച്ചത്. 25,000-ത്തിലധികം ആളുകൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള കോൺക്രീറ്റ് ഭവനങ്ങൾ യാഥാർത്ഥ്യമാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ജനങ്ങളിലേക്കെത്തിയതായും പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു. ബാഗൽകോട്ടിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിന് ഒരിക്കലും ജനങ്ങളെ സേവിക്കാൻ കഴിയില്ലെന്നും നരേന്ദ്രമോദി ആഞ്ഞടിച്ചു. നുണകളിലൂടെ തരംഗം ഉണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ വെട്ടിലാണ്. കാരണം, അവരുടെ നുണകൾ ഇപ്പോൾ ബിജെപി തരംഗത്തിൽ നഷ്ടപ്പെട്ടെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന്റെ പ്രീണന രാഷ്‌ട്രീയവും ഓരോ വ്യക്തിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ‘വിഭജിച്ച് ഭരിക്കുക’ എന്ന മാനദണ്ഡത്തിലാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നതെന്നും റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
മുൻ കോൺഗ്രസ് ഭരണം അവശേഷിപ്പിച്ച വിടവുകൾ നികത്തിയതിന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയും അദ്ദേഹം പ്രശംസിച്ചു.
ഹവേരിയിൽ പുതിയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജുകളും പുതിയ പാൽ പ്ലാന്റും കൊണ്ടുവന്നു. റോഡ്, റെയിൽ, മറ്റ് അടിസ്ഥാന സൗകര്യങ്ങളിൽ സർക്കാർ നിക്ഷേപം നടത്തുകയാണ്. കർണാടകയിലെയും ഹവേരിയിലെയും ജനങ്ങൾക്ക് മാത്രമല്ല, രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പദ്ധതികളുടെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ 26 കിലോമീറ്റർ റോഡ് ഷോയാണ് പ്രധാനമന്ത്രി നടത്തിയത്. ബാഗൽകോട്ട് ജില്ലയിലും ബദാമിയിലും ഹാവേരിയിലും രണ്ട് പൊതു റാലികളെയും അദ്ദേഹം അഭിസംബോധന ചെയ്തു. റോഡിന്റെ ഇരുവശങ്ങളിലുമായി പ്രധാനമന്ത്രിയെ ഒരുനോക്ക് കാണാൻ ഏകദേശം ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്നതായാണ് കണക്കുകൾ. പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ ജനങ്ങൾ വരവേറ്റത്.
















Comments