തിരുവനന്തപുരം: വാഹനങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ നിയമവിരുദ്ധ ആഡംബര ലൈറ്റുകൾക്കും ഇനി മുതൽ കനത്ത പിഴ ഈടാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് ലൈറ്റൊന്നിന് 5,000 രൂപ വെച്ച് പിഴയീടാക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം ലഭിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അനധികൃതമായി ലൈറ്റ് ഉപയോഗിക്കുന്ന ഓട്ടോ മുതൽ മുകളിലേക്കുള്ള വാഹനങ്ങൾക്കാണ് നിയമം ബാധകമായി വരിക. മൾട്ടി കളർ എൽഇഡി, ലേസർ, നിയോൺ ലൈറ്റ്, ഫ്‌ളാഷ് ലൈറ്റ് എന്നിവ സ്ഥാപിച്ചിരിക്കുന്ന വാഹനങ്ങളിൽ നിന്നാകും ഉയർന്ന പിഴ ഈടാക്കുക. കാൽ നടയാത്രക്കാരുൾപ്പെടെ റോഡിലെ മറ്റ് വാഹന ഉപയോക്താക്കളുടെ സുരക്ഷ മുന്നിൽ കണ്ടാണ് കോടതി ഇടപെടൽ.
വാഹന പരിശോധനയിൽ പിടിക്കപ്പെടുകയാണെങ്കിൽ ഇത്തരം ലൈറ്റുകൾ അവിടെ വെച്ച് തന്നെ അഴിച്ചു മാറ്റിക്കും. കൂടാതെ ഓരോ ലൈറ്റിനും 5,000 രൂപ വെച്ച് വാഹന ഉടമയ്‌ക്ക് പിഴ ചുമത്തും. നിലവിൽ ഇത്തരം ഗതാഗത നിയമ ലംഘത്തിന് 250 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നത്. ഗുഡ്‌സ് വാഹനങ്ങളിലെ ലോഡുമായി ബന്ധപ്പെട്ട് കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്റെ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് വാഹനങ്ങളിലെ ലൈറ്റുകളുടെ അനധികൃത ഉപയോഗത്തിനെതിരെയും കോടതി ഉത്തരവിറക്കിയത്.
















Comments