മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണംഖ്യ 16 ആയി. ഇതിൽ മൂന്ന് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്നാണ് വിവരം. ബോട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടം താനൂരിനടുത്ത് ഓട്ടുമ്പ്രം തൂവൽതീരത്താണുണ്ടായത്.
ഇതിനോടകം എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ബോട്ടിനകത്ത് കുടുങ്ങിയവരെ ബോട്ട് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. മേഖലയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മന്ത്രിമാരായ അബ്ദുറഹിമാനും മുഹമ്മദ് റിയാസും ഉടൻ സംഭവസ്ഥലത്ത് എത്തും. പരപ്പനങ്ങാടി, താനൂർ നഗരസഭകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഓട്ടുമ്പ്രം തൂവർത്തീരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ഇവിടെ അപകടം നടന്നത്.
ബോട്ട് തലകീഴായി മുങ്ങിയിരുന്നു. പിന്നീടിത് ഉയർത്തി കരയ്‌ക്കടുപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബോട്ടിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രക്ഷപ്പെടുത്തിയവരെ പരപ്പനാടി, തിരൂരങ്ങാടി, കോട്ടയ്‌ക്കൽ, താനൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ കൂടുതൽ ജീവനക്കാരെ അടിയന്തിരമായി നിയോഗിച്ചു. മലപ്പുറം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി അപകട സ്ഥലത്തെത്തുമെന്നാണ് വിവരം.
അപകടം സംഭവിച്ച ബോട്ടിന് രജിസ്‌ട്രേഷനില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബോട്ടിൽ ഏകദേശം 40-50 പേരുണ്ടായിരുന്നുവെന്നാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന താനൂർ സ്വദേശി ഷഫീഖിന്റെ പ്രതികരണം. ഞായറാഴ്ച ദിവസത്തെ അവസാന ട്രിപ്പായിരുന്നു അത്. കരയിൽ നിന്ന് നീങ്ങി ഏകദേശം അരിക്കിലോമീറ്ററോളം നീങ്ങിയപ്പോൾ ബോട്ട് ഒരുവശത്തേക്ക് ചരിയുകയും ബോട്ടിലുണ്ടായിരുന്നവർ ആ വശത്തേക്ക് നീങ്ങുകയുമായിരുന്നു. ഇതോടെ ബോട്ട് തലകീഴായി മറിഞ്ഞുവെന്നും ഷഫീഖ് പറഞ്ഞു.
ബോട്ടിൽ നിരവധി കുട്ടികളുണ്ടായിരുന്നു. ഇവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. ഏറെ ആഴമുള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. ഇരുനില ബോട്ടായിരുന്നു. ബോട്ടിന്റെ താഴ്ഭാഗത്തെ നിലയിൽ നിന്നവർക്കാണ് കൂടുതൽ അപകടം പറ്റിയത്. ബോട്ടിനകത്ത് ലൈഫ് ജാക്കറ്റുകൾ കുറവായിരുന്നുവെന്നും ഷഫീഖ് പറഞ്ഞു.
















Comments