തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തുമെന്നും യൂണിയൻ അറിയിച്ചു. ശമ്പളവിതരണം പൂർത്തിയാക്കുന്നത് വരെ തുടർ സമരങ്ങളുണ്ടാകുമെന്ന് വിവിധ തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗതമന്ത്രിയുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് നീങ്ങിയത്. സിഐടിയു, ബിഎംഎസ്, ടിഡിഎഫ് എന്നീ യൂണിനുകളുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറും ചർച്ച നടത്തിയിരുന്നു. ശമ്പളം ലഭിക്കണമെന്നതാണ് ചർച്ചയിൽ തൊഴിലാളി സംഘടകൾ പ്രധാനമായും ആവശ്യപ്പെട്ടത്. ഈ മാസം 21-ന് ശമ്പളം നൽകാമെന്നാണ് മാനേജ്‌മെന്റും മന്ത്രിയും ആദ്യഘട്ടത്തിൽ അറിയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കി. പിന്നീട് 10-ാം തിയതി നൽകാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ സിഐടിയു ഒഴികെയുള്ള യൂണിയനുകൾ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് 24 മണിക്കൂർ പണിമുടക്കിലേക്ക് നീങ്ങിയത്.
പണിമുടക്കിൽ ബസുകൾ തടയുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. ഇത്തരത്തിൽ ആക്രമണം നടത്തുന്ന ജീവനക്കാരുടെ ഫോട്ടോ, വീഡിയോ എന്നിവ യൂണിറ്റ് ഓഫീസർമാർ, വിജിലൻസിൽ പ്രവർത്തിക്കുന്ന ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ ഉടൻതന്നെ ഓപ്പറേഷൻ കൺട്രോൾ റൂമിലേക്ക് അയക്കേണ്ടതാണെന്നും മാനേജ്‌മെന്റ് പറഞ്ഞു.
Comments