എലത്തൂർ: എലത്തൂർ ട്രെയിൻ ഭീകരാക്രമണ കേസിൽ പ്രതി ഷാരൂഖ് സെയ്ഫി പുതിയ വെളിപ്പെടുത്തലുകൾ നടത്തിയെന്ന് എൻഐഎ. പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നും എൻഐഎ ആവശ്യപ്പെട്ടു. എൻഐഎയുടെ കസ്റ്റഡി അപേക്ഷ നാളെ കോടതി പരിഗണിക്കും.
ഷാരൂഖ് സെയ്ഫി പുതിയ ചില വെളിപ്പെടുത്തലുകൾ കൂടി നടത്തിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. എൻഐഎയുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതിയുടെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. ഇതിനായി ബന്ധുക്കൾ ഡൽഹിയിൽ നിന്നും എത്തിയിട്ടുണ്ട്. പ്രതിയെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലും ചോദ്യം ചെയ്യും. ആലപ്പുഴ -കണ്ണൂർ എക്സ്പ്രസിൽ കയറി എലത്തൂരിൽ വച്ച് യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച പ്രതി ഇതിനായി മിനറൽ വാട്ടൽ കുപ്പിയിൽ പെട്രോൾ വാങ്ങിയ ഷോർണൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള പെട്രോൾ പമ്പിലടക്കം ഷാരൂഖിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
പ്രതി വി പി എൻ ഉപയോഗിച്ച് നടത്തിയ ഇൻ്റർനെറ്റ് സെർച്ചുകളിലും ദുരൂഹതയുണ്ട്. ഷാരൂഖ് സെയ്ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്നും, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ കണ്ടെത്തിയതിലും വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. ഉപഭോക്താവിന്റെ വിവരങ്ങൾ മറച്ചു വയ്‌ക്കുന്ന വി പി എൻ ഉപയോഗിച്ചത് ദുരൂഹത വർദ്ധിപ്പിക്കുന്നതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ട്. മെയ് 2 മുതൽ ഏഴു ദിവസത്തേക്കായിരുന്നു പ്രതിയെ എൻ ഐ എ കസ്റ്റഡിയിൽ ലഭിച്ചിരുന്നത്.
















Comments