കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ വീണ്ടും കൂറുമാറ്റം. അഭിഭാഷകനും സിപിഎം നേതാവുമായ വിജയകുമാറാണ് കൂറുമാറിയത്. റോയ് തോമസ് വധക്കേസിലെ 156-ാം സാക്ഷിയായിരുന്നു ഇയാൾ. കേസുമായി ബന്ധപ്പെട്ട അസ്സൽ വിൽപത്രം ജോളി തന്നെ കാണിച്ചതായിട്ടാണ് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ കോടതി വിസ്താരത്തിനിടെ വിജയകുമാർ മൊഴി മാറ്റി പറയുകയായിരുന്നു.
സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ് സി വിജയകുമാർ. കേസിൽ നേരത്തെയും ഒരു സാക്ഷി കൂറുമാറിയിരുന്നു. പ്രവീൺ കുമാറെന്ന മറ്റൊരു സിപിഎം നേതാവാണ് മൊഴി മാറ്റി നൽകിയത്. കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്.
2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് പേരുടെ ദുരൂഹ മരണം കൊലപാതകമെന്ന് കണ്ടെത്തുന്നത്. ഒരാളെ ഡോഗ് കിൽ വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയുമാണ് ഒന്നാം പ്രതിയായ ജോളി കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തി. കേസിന്റെ വിസ്താരം മാറാട് പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.
















Comments