കൊച്ചി : കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ വ്യാപക പരിശോധന. ലൈഫ് ജാക്കറ്റ്, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ചാണ് പരിശോധന. കോസ്റ്റൽ പോലീസിനൊപ്പം പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളും ബോട്ടുകളിൽ പരിശോധനയ്‌ക്കെത്തി.
രജിസ്ട്രേഷനോ, ലൈസൻസോ ഇല്ലാതെയും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ബോട്ടുകൾ പലതും സർവീസ് നടത്തുന്നതെന്ന പരാതികൾ വ്യാപകമാണ്. എന്നാൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പ്രഹസനമായ പരിശോധനകൾ നടക്കാറുള്ളതെന്നും ആക്ഷേപം ഉയരുന്നുണ്ട്. താനൂർ തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്നാണ് മറൈൻ ഡ്രൈവിൽ നിന്ന് സർവീസ് നടത്തുന്ന ബോട്ടുകളിൽ കോസ്റ്റൽ പോലീസ്, പോലീസ്, ഫയർഫോഴ്സ് വിഭാഗങ്ങൾ പരിശോധന നടത്തിയത്. തീയണയ്‌ക്കാനുള്ള സംവിധാനങ്ങളുണ്ടോയെന്നും, ലൈഫ് ജാക്കറ്റുകളുണ്ടോയെന്നുമുള്ള പരിശോധനകളാണ് നടന്നത്. സാധാരണ ഫയർഫോഴ്സ് ബോട്ടുകളിൽ പരിശോധനയ്‌ക്കെത്താറില്ല.
30 മുതൽ 60 വരെ ആളുകളെ കയറ്റാവുന്ന ടൂറിസ്റ്റ് ബോട്ടുകളാണ് മറൈൻ ഡ്രൈവിൽ നിന്ന് സർവീസ് നടത്താറുള്ളത്. നൂറോളം ടൂറിസ്റ്റ് ബോട്ടുകൾ ഇവിടെയുണ്ട്. എല്ലാബോട്ടുകൾക്കും സഞ്ചാരികളെ ലഭിക്കാൻ പരമാവധി 22 പേരിലധികം ആളുകളെ ഒരു ബോട്ടിൽ തന്നെ കൊണ്ടു പോകാറില്ലെന്നാണ് ബോട്ടുടമകൾ പറയുന്നത്.
ലൈഫ് ജാക്കറ്റുകൾ ബോട്ടുകളിലുണ്ടെങ്കിലും ഇത് ധരിക്കാൻ യാത്രക്കാരിൽ ഭൂരിഭാഗവും തയ്യാറല്ല. ജാക്കറ്റ് ധരിക്കാൻ ബോട്ട് ജീവനക്കാർ യാത്രക്കാരെ നിർബന്ധിക്കാറുമില്ലെന്നും ബോട്ടുടമകൾ പറയുന്നു.
പരിധിയിൽ കൂടുതൽ ആളുകളെ കയറ്റുന്നതും, മെയിൻ്റനൻസുകൾ കൃത്യമായി നടത്താത്തതുമാണ് ആവർത്തിക്കുന്ന അപകടങ്ങൾക്ക് കാരണമെന്ന് നേരത്തെ കുമരകം ബോട്ടപകടത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പും വ്യക്തമാക്കിയത്.
















Comments