ആലപ്പുഴ: താത്കാലികമായി കക്കുകളി നാടകാവതരണം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി അധികൃതർ. പ്രസിഡന്റ് ഡോ.എസ് അജയകുമാറും സെക്രട്ടറി കെ വി രാഗേഷുമാണ് ഈ വിവരം അറിയിച്ചത്. വിശ്വാസികൾ നടത്തിയ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കക്കുകളി നാടകം നിർത്താനുള്ള തീരുമാനത്തിലെത്തിയത്. പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നേരിടേണ്ടിവന്നതോടെയാണ് നാടകാവതരണം നിർത്തുന്നതെന്ന് ലൈബ്രറി അറിയിച്ചു. നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂപീകരണം ഉണ്ടാകേണ്ടതുണ്ട്. അതിനാലാണ് നാടകത്തിന്റെ അവതരണം തൽക്കാലം നിർത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടകസംഘം അവതരിപ്പിക്കുന്ന നാടകമാണ് കക്കുകളി നാടകം. ലൈബ്രറിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത-നാടക അക്കാദമിയുടെ സഹായത്തോടെയാണ് നാടകം ചിട്ടപ്പെടുത്തിയത്. കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെസിബിസി പുരസ്‌കാരം നേടിയ തൊട്ടപ്പൻ എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. ഇതിന്റെ നാടകാവിഷ്‌ക്കാരമാണിത്. ഇതിന് പിന്നാലെ കക്കുകളി നാടകം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. തൃശൂരിൽ നടന്ന അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച നാടകമാണിത്. ഈ പ്രദർശനത്തിന് ഒരു വർഷത്തിന് ശേഷം അബുദാബിയിൽ അവതരിപ്പിച്ചപ്പോഴാണ് നാടകത്തിനെതിരെ ആദ്യം പ്രതിഷേധമുയർന്നത്. ഗഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ അവതരിപ്പിച്ചതോടെയാണ് കേരളത്തിൽ വിവാദമായത്.
ആലപ്പുഴയുടെ തീരദേശത്തുള്ള പാവപ്പെട്ട വീട്ടിലെ നടാലിയ എന്ന പെൺകുട്ടി മഠത്തിൽ ചേരുന്നതും അവിടെ നേരിടുന്ന യാതനകളുമാണ് ഇതിവൃത്തം. കക്കുകളിച്ച് നടന്നിരുന്ന 17-കാരി പൊരുത്തുപ്പെടാനാകാത്ത സാഹചര്യത്തിലേക്കെത്തുന്നതും ഒടുവിൽ കലഹിക്കുന്നതുമാണ് നാടകത്തിൽ വിശദീകരിക്കുന്നത്. ഒടുവിൽ ഒരു സിസ്റ്റർ ചോദിക്കുന്നത് ഇപ്രകാരമാണ്; നീ കന്യസ്ത്രീയോ അതോ കമ്മ്യൂണിസ്റ്റോ ? നാട്ടിൻപുറങ്ങളിൽ കളം വരച്ചുള്ള ഒരിനം കളിയാണ് കക്കുകളി. എന്നാൽ നാടകത്തിൽ കഥയിലെ വല സന്ദർഭങ്ങളിലും മാറ്റം വരുത്തിയെന്നാണ് കെസിബിസി ആരോപിക്കുന്നത്. മഠത്തിലെത്തുന്ന വൈദികനായി കഥയിലില്ലാത്ത കഥാപാത്രത്തെ ഉണ്ടാക്കിയാണ് നാടകം അവതരിപ്പിച്ചിരിക്കുന്നതെന്നും കെസിബിസി പറഞ്ഞു.
















Comments