വോട്ട് ചെയ്യാനായി പോകുമ്പോൾ തിരിച്ചറിയൽ രേഖ കൈയിൽ കരുതേണ്ടത് നിർബന്ധമാണ്- ഈ സന്ദേശം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. വീടുകളിലെത്തുന്ന ബൂത്ത് തല പ്രവർത്തകരും ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മീഷനുമൊക്കെ നിരന്തരം പറയുന്നതാണിത്. എന്നാൽ തിരിച്ചറിയൽ രേഖ ഇല്ലാതെ വോട്ട് ചെയ്യാനും ഇത്തവണ സൗകര്യമുണ്ട്. വോട്ട് ചെയ്യാനായി മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിൽക്കേണ്ടതുമില്ല. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതാദ്യമായാണ് ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ ഫേഷ്യൽ റെഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ബെംഗളൂരുവിലെ പാലസ് റോഡിലുള്ള രാംനാരായണ ചെല്ലാരം കോളേജിലെ റൂം നമ്പർ രണ്ടിൽ ആയിരിക്കും വോട്ടർമാർക്കായി ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുക.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനായി ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുനവന എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. അതിൽ വോട്ടറുടെ പേര്, നമ്പർ, മൊബൈൽ നമ്പർ എന്നിവയെല്ലാം നൽകണം. അതിനുശേഷം ആപ്പിൽ ഒരു സെൽഫിയും അപ്ലോഡ് ചെയ്യണം. പോളിംഗ് ബൂത്തിൽ എത്തിക്കഴിഞ്ഞാൽ, വെരിഫിക്കേഷനായി ഫേഷ്യൽ റെക്കഗ്‌നിഷൻ സ്‌കാനിംഗ് ഉണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡോറ്റാബേസുമായി സ്‌കാനിങ്ങിലെ രൂപം പൊരുത്തപ്പെടുന്നുണ്ടെങ്കിൽ വോട്ടർ മറ്റ് രേഖകളൊന്നും നൽകേണ്ടതില്ല. അവർക്ക് വോട്ട് രേഖപ്പെടുത്താനുള്ള അനുമതിയും ലഭിക്കും. ഈ സംവിധാനം നീണ്ട ക്യൂകൾ കുറയ്‌ക്കുമെന്നും കാത്തിരുപ്പ് സമയം ലഘൂകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. കള്ളവോട്ട്, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ എന്നിവ തടയാനും മികച്ച മാർഗമാകും ഇത്.
Comments