കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഡോക്ടർമാർ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. കൊല്ലത്ത് ഡോക്ടർമാർ പൂർണമായും പണിമുടക്കും. സർക്കാർ ,സ്വകാര്യ മേഖലയിലെ മുഴുവൻ ഡോക്ടർമാരും 24 മണിക്കൂർ സമരം നടത്തുമെന്ന് ഐഎംഎ പ്രതിനിധികൾ വ്യക്തമാക്കി. അത്യാഹിത വിഭാഗം ഒഴിച്ചിട്ടാകും സമരം.
ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം ദൗർഭാഗ്യകരമെന്ന് ഐഎംഎ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിൽ പോലീസിന്റെ മുൻപിൽ വെച്ചാണ് ഡോക്ടർ കൊല്ലപ്പെട്ടത്. ഇത്തരത്തിൽ ഒരു കാര്യം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് പല തവണ ചൂണ്ടിക്കാട്ടിയതാണ്. കസ്റ്റഡിയിലുള്ള പ്രതിയാണ് ആക്രമണം നടത്തിയത്. മുറിവ് തുന്നിക്കെട്ടുന്നതിനിടെയാണ് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്. രോഗിയുടെ അവസ്ഥ കുറ്റകൃത്യത്തിന് ഒരിക്കലും ന്യായീകരണമല്ല, പോലീസ് അതിന് വേണ്ട നടപടികൾ സ്വീകരിക്കണമായിരുന്നു. കൊല്ലം ജില്ലയിൽ നിലവിൽ സമരം ആരംഭിച്ചിട്ടുണ്ട്. കേരളമൊട്ടാകെ പ്രതിഷേധമുണ്ടാകും. ഇത്തരം അതിക്രമങ്ങൾ ഇനിയും നോക്കി നിൽക്കാനാകില്ലെന്നും പ്രതിനിധികൾ അറിയിച്ചു.
‘ ഞങ്ങൾക്ക് ഇനിയും തല്ലുകൊള്ളാൻ വയ്യ, ഓരോ പ്രാവശ്യവും ആക്രമണം ഉണ്ടാകുമ്പോൾ ഇതുപോലെ സമരം ചെയ്തും മുറവിളി കൂട്ടിയും ഞങ്ങൾ മടുത്തു. ഇതിന് ഇനിയെങ്കിലും ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഈ ഭരണകൂടം മുൻകൈയെടുക്കുമെന്ന് വിശ്വസിക്കുന്നു. അതിനുവേണ്ടി ഇത്തരം ആക്രമണങ്ങളിലൂടെ ഡോക്ടർ സമൂഹത്തിൽ നി്ന്നും ഒരു രക്തസാക്ഷി ഉണ്ടാകുന്നതുവരെ കാത്തിരിക്കരുതെന്ന് അപേക്ഷിക്കുന്നു’- രണ്ട് മാസം മുൻപ് ഐഎംഎ കോട്ടയം ചാപ്റ്റർ മുൻ പ്രസിഡന്റ് ഡോ. ബിബിൻ പി മാത്യുവിന്റെ വാക്കുകളാണിത്. എന്നിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകാത്തതിന്റെ രക്തസാക്ഷിയായി മാറിയിരിക്കുകയാണ് വന്ദന ദാസ്. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹൻദാസിന്റെ ഏകമകളാണ് മരിച്ച വന്ദന ദാസ്. നെഞ്ചിനും നട്ടെല്ലിനും കുത്തേറ്റു.നെഞ്ചിനേറ്റ കുത്ത് ശ്വാസകോശത്തിലേക്ക് കയറിയാണ് ഡോക്ടറുടെ ദാരുണാന്ത്യം.
Comments