കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസ് സംവിധാനം പരാജയപ്പെട്ടുവെന്നും ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് കൂടെയുണ്ടാവേണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി. ജനങ്ങൾ എങ്ങനെ പുറത്തിറങ്ങും. സംസ്ഥാനത്തം നിയമസംവിധാനങ്ങൾ പരാജയപ്പെട്ടു. ആരോഗ്യമന്ത്രി ഗീർവാണം വിടുന്നുവെന്നും മുഖ്യമന്ത്രി മാളത്തിൽ ഒളിച്ചിരിക്കുന്നുവെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംഭവിച്ച ഡോക്ടറുടെ അരുംകൊല ഞെട്ടിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. സുരക്ഷ സംബന്ധിച്ച് കേരളത്തിലെ ഡോക്ടർമാർ ഉയർത്തിയിരുന്ന ആശങ്ക പൂർണ്ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഡോ. വന്ദനയുടെ കൊലപാതകം. സ്ത്രീ സമത്വം, കേരള മോഡൽ, പ്രബുദ്ധ കേരളം എന്നെല്ലാം പാർട്ടി സ്റ്റഡി ക്ലാസുകളിലും സമൂഹമാദ്ധ്യമങ്ങളിലും ആവർത്തിച്ചാൽ പോരെന്നും ജനങ്ങളോട് ഉത്തരവാദിത്തമുണ്ടാകണം. ഡോ. വന്ദനയുടെ വേർപാടിൽ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ കൂട്ടിചേർത്തു.
ആരോഗ്യവകുപ്പിന് കപ്പിത്താൻ ഇല്ല എന്ന് ഒരിക്കൽ കൂടി വ്യക്തമായെന്നും കഴിഞ്ഞവർഷം കേരളത്തിൽ 137 അതിക്രമങ്ങളാണ് ഡോക്ടർമാർക്കെതിരെ മാത്രം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങളിൽ അധികവും ഇരയാകുന്നത് വനിത ഡോക്ടർമാരാണ് എന്നതാണ് കൂടുതൽ അപമാനകരമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
















Comments