തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലും മദ്യലഹരിയിൽ യുവാവിന്റെ അതിക്രമം. എസ്ബിഐ ബാങ്കിൽ അതിക്രമം കാണിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ അതിക്രമം നടത്തിയത്.
കൊട്ടാരക്കാരയിൽ പ്രതിയുടെ കുത്തേറ്റ് 23 വയസുള്ള വനിതാ ഡോക്ടർ ദാരുണമായി കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് കുന്നംകുളത്തെ ആശുപത്രിയിലും അതിക്രമമുണ്ടാകുന്നത്. തൃശൂർ കേച്ചേരിയിലെ എസ്ബിഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയിരുന്നു. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി സുൾഫിക്കറാണ് പോലീസ് പിടിയിലായത്. തുടർന്ന് സ്റ്റേഷനിൽ വെച്ചും പ്രതി അതിക്രമം നടത്തിയതായാണ് വിവരം. തുടർന്ന് വൈദ്യപരിശോധാനയ്‌ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും അതിക്രമം തുടർന്നു.
ഡോക്ടർമാർക്കും പോലീസുകാർക്കും നേരെ പ്രതി അസഭ്യവർഷം ചൊരിഞ്ഞു. കൈയ്യിൽ വിലങ്ങ് ഉള്ളതിനാൽ വലിയ രീതിയിലുള്ള അക്രമം സൃഷ്ടിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. ലഹരി മൂത്ത യുവാവിനെ പോലീസുകാർ ബന്ധിയാക്കിയാണ് വൈദ്യപരിശോധന പൂർത്തിയാക്കിയത്. അതേസമയം കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദനയുടെ വേർപാടിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പ്രതികരണത്തിനെതിരെ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയരുകയാണ്. മതിയായ എക്സ്പീരിയൻസ് ഇല്ലാതിരുന്നതിനാൽ വന്ദനയ്‌ക്ക് ആക്രമണത്തെ തടയാൻ കഴിഞ്ഞില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത് വലിയ വിമർശനത്തിന് വഴിയൊരുക്കുകയായിരുന്നു.
















Comments