ലക്നൗ : അഞ്ച് വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി യുപി പോലീസ് . ഉത്തർപ്രദേശിലെ കസ്‌ന സ്വദേശി ടിപ്പു സുൽത്താനെയാണ് പോലീസ് പിടികൂടിയത് . അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ടിപ്പുവിനെ ഇടത് കാലിൽ വെടിവച്ച് വീഴ്‌ത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .
കസ്‌ന പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ച് വയസ്സുകാരിയെ വീടിന് പുറത്ത് കളിക്കുന്നതിനിടെ സമീപവാസിയായ ടിപ്പു സുൽത്താൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു . ക്രൂരമായ പീഡനത്തിനിരയായ കുട്ടിയുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാർ എത്തിയപ്പോൾ ടിപ്പു ഓടി രക്ഷപ്പെട്ടു. വഴിയാത്രക്കാരാണ് അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് . കുട്ടി ചികിത്സയിലാണ്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ടിപ്പു ദാദാ ഗോൾ ചക്കറിന് സമീപം ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത് . എന്നാൽ ഇയാൾ പോലീസിനെയും അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു . രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പോലീസിന് നേരെ വെടിയുതിർക്കുകയും ചെയ്തു . തുടർന്ന് ടിപ്പുവിന്റെ ഇടതുകാലിൽ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു .പ്രതിയുടെ പക്കൽ നിന്ന് അനധികൃത പിസ്റ്റളും , വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.
















Comments