കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ പോലീസ് ചികിത്സക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരുനാടിന്റെ പ്രിയപ്പെട്ടവൾ. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് ഡോക്ടർ വന്ദന ദാസ് (23). അബ്കാരി ബിസിനസുകാരനായ മോഹൻ ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. ‘ഡോ.വന്ദനദാസ് എംബിബിഎസ്’– അച്ഛനമ്മമാരുടെ സ്വപ്നമാണ് വീടിനു മുന്നിലെ മതിലിൽ കൊത്തി വച്ചിരിക്കുന്ന ഈ പേര്. വീടിന്റെ മതിലിലുള്ള ഈ ബോർഡ് നൊമ്പരക്കാഴ്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ.

നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരാണ് വന്ദനയും കുടുംബവും. കുട്ടിക്കാലം മുതലെ പഠനത്തിൽ മിടുക്കിയായിരുന്നു വന്ദന. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പഠിച്ചിരുന്നത്. തുടർന്ന് ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ അസീസിയ മെഡിക്കൽ കോളേജിലേയ്‌ക്ക് എംബിബിഎസ് പഠിപ്പിക്കാനയച്ചത്. എന്നാൽ പിജി പഠനത്തിനായുള്ള തയ്യാറെടുപ്പിനിടെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.

വന്ദന അവസാനമായി നാട്ടിലെത്തിയത് ഒന്നര മാസം മുമ്പാണ്. വീടിന് സമീപമുള്ള കുന്നശേരിക്കാവ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗരുഡൻ തൂക്കം കാണാനായിരുന്നു എത്തിയത്. പിന്നീട് കുറച്ച് ദിവസം വീട്ടുകാരോടൊപ്പം നിന്ന ശേഷം ഉടൻ തിരികെ വരുമെന്ന് വാക്ക് കൊടുത്താണ് ആശുപത്രിയിലേയ്‌ക്ക് മടങ്ങിയത്.

പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത സ്ക്കൂൾ അധ്യാപകനായ കുടവട്ടൂർ സ്വദേശി സന്ദീപാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങൾ നടത്തിയത്. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. പ്രതിയുടെ കാലിലെ മുറുവിന് ചികിത്സ തേടിയാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. മരുന്ന് വച്ചതിന് ശേഷം സന്ദീപിന്റെ ബന്ധു ബിനുവിനെ അക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച . പൂയപ്പള്ളി സ്റ്റേഷനിലെ പോലീസുകാരായ ഹോംഗാർഡ് അലക്സ്, നൈറ്റ് ഓഫീസർ ബേബി മോഹൻ, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിര്ലുണ്ടായിരുന്ന മണിലാൽ, ആംബുലൻസ് ഡ്രൈവർ രാജേഷ് എന്നിവരെയും സന്ദീപ് കുത്തി വീഴ്തി. തുടർന്ന് ഡ്യൂട്ടി റൂമിലുണ്ടായിരുന്ന ഹൗസ് സർജൻ വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു.

ആക്രമണത്തിനിരയായതിന് ശേഷം ഗുരുതരമായി പരിക്കേറ്റ വന്ദനയെ പുലർച്ചെ തിരുവനന്തപുരത്തേ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രീയക്ക് വിധയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് തവണയാണ് കുത്തേറ്റത്. മുതുകിലേറ്റ കുത്ത് ശ്വാസകോശത്തിലേയ്‌ക്കും കയറി. നട്ടെല്ലിനും കുത്തേറ്റു.പരിക്കേറ്റ മറ്റുള്ളവരെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. എൽ.പി സ്ക്കൂൾ അധ്യാപകനാണ് അക്രമിയായ സന്ദീപ്. പോലീസിന്റെ വീഴ്‌ച്ചയാണ് അക്രമത്തിന് വഴിവെച്ചതെന്ന് ആക്ഷേപം ഉയരുകയാണ്.
















Comments