ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് ആതിഥേയം വഹിക്കാൻ വൈറ്റ് ഹൗസ് ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 22-നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രധാനമന്ത്രിക്കായി വിപുലമായ ഔദ്യോഗിക അത്താഴ വിരുന്നും അമേരിക്കൻ പ്രസിഡന്റ് ഒരുക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. സന്ദർശന വേളയിൽ ഇരു നേതാക്കളും സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. പ്രതിരോധം, ഹരിത ഊർജ്ജം, ബഹിരാകാശം തുടങ്ങി തന്ത്രപ്രധാനമായ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും സംയുക്തമായി അഭിമുഖികരിക്കുന്ന പൊതു വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം, മാനുഷിക വിഭവം, ആരോഗ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയിൽ ചർച്ചയാകും. വിദ്യാഭ്യാസ മേഖലയിൽ സംയുക്ത സഹകരണം ഉറപ്പാക്കാനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. നേരത്തെ, 2021 സെപ്റ്റംബർ 23-ന് പ്രധാനമന്ത്രി മോദി യുഎസ് സന്ദർശിച്ചിരുന്നു.
















Comments