ഇന്ത്യൻ സിനിമയ്‌ക്ക് ‘ബാഹുബലി’, ‘ആർആർആർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ അടുത്ത ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെ, മഹാഭാരതം എന്ന ഇതിഹാസത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താൻ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടൻ പൂർത്തിയാക്കാൻ പോകുകയാണെന്നും രാജമൗലി വെളിപ്പെടുത്തി.
ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിലാണ് എസ്എസ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീർഘകാല സ്വപ്നം ഉടൻ നിറവേറ്റുമോ? ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ? എന്നായിരുന്നു പരിപാടിയ്‌ക്കിടെ അദ്ദേഹത്തോടുള്ള ചോദ്യം.
അതിന് “എനിക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്. മഹാഭാരതം നിർമ്മിക്കുന്നതിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ, രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാൻ എനിക്ക് ഒരു വർഷമെടുക്കും. അവയെല്ലാം വായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ചിത്രം 10 ഭാഗങ്ങളിൽ ആയിരിക്കും .അതാണ് “എന്റെ ജീവിതത്തിന്റെ ലക്ഷ്യം . എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ്. ഞാൻ മഹാഭാരതം “എനിക്ക്” വേണ്ടി നിർമ്മിക്കുന്നു “ എന്നാണ് അദ്ദേഹം മറുപടി നൽകിയത് .
ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്. തന്റെ പ്രേക്ഷകർക്കും ഈ രാജ്യത്തെ ജനങ്ങൾക്കുമായി ഈ സിനിമ ചെയ്യണോ എന്ന് രാജമൗലിയോട് ചോദിച്ചപ്പോൾ, മഹാഭാരതം തനിക്കായി നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് രാജമൗലി പറഞ്ഞത് .
Comments