എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് കോടതി റിപ്പോർട്ട് തേടിയിരുന്നു. സ്ഥലം സന്ദർശിച്ച കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റും കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. 10 മണിയ്‌ക്കാണ് പ്രത്യേക സിറ്റിംഗ്. ഡിജിപി ഓൺലൈനായി ഹാജരായി വിശദീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോലീസും റിപ്പോർട്ട് നൽകണം. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്.
സംഭവത്തിന് പിന്നാലെ ഇന്നലെ കോടതി പ്രത്യേക സിറ്റിംഗ് നടത്തിയിരുന്നു. പോലീസിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടണമെന്നും പോലീസിന്റെ കൈയിൽ തോക്ക് ഇല്ലായിരുന്നുവോ എന്നും കോടതി ആരാഞ്ഞു. പോലീസ് എന്ത് ചെയ്യുകയായിരുന്നു, ആശുപത്രിയിലേക്ക് പ്രതിയെ എത്തിച്ചത് പോലീസാണ്. പോലീസിന് പെരുമാറ്റം മനസിലാക്കാൻ കഴിയണം. പരിശീലനം ലഭിച്ച സേനയുടെ ചുമതല പിന്നെയെന്താണെന്നും കോടതി ചോദിച്ചു.
പ്രതിയെ പരിശോധിക്കുമ്പോൾ പോലീസ് മാറി നിന്നത് മുൻപ് സർക്കാർ ഇറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും വിശദീകരണത്തിൽ പറയുന്നു. പ്രതികളെയും മറ്റ് ഡോക്ടർമാർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തുവേണ്ട എന്നാണ് സർക്കാർ ഉത്തരവെന്നും വ്യക്തമാക്കി.എന്നാൽ ഈ വിശദീകരണം ഹൈക്കോടതി തള്ളി. ഈ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കി. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിക്കുമ്പോൾ പോലീസുകാരന്റെ സാന്നിധ്യം ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ഉത്തരവ്. അത്തരമൊരു ഉത്തരവ് എല്ലാ ഘട്ടത്തിലും ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
















Comments