ന്യൂയോർക്ക്: അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലും പ്രതിഷേധം. ഇമ്രാനെ മോചിപ്പിക്കാൻ ബൈഡൻ ഇടപെടണമെന്നും വിഷയത്തിൽ ഉടൻ പ്രതികരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം വൈറ്റ് ഹൗസിന് മുന്നിൽ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. പാകിസ്താൻ സൈന്യത്തിനും സർക്കാരിനും എതിരെയുള്ള മുദ്രാവാക്യങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം.
വാഷിംഗ്ടണിലെ പാകിസസ്താൻ എംബസിക്കും പാക് അംബാസിഡറുടെ വസതിക്ക് മുന്നിലും പാകിസ്താനികൾ പ്രതിഷേധിച്ചു. അമേരിക്കൻ നഗരമായ ചിക്കാഗോയിലും കഴിഞ്ഞ ദിവസം പാകിസ്താൻ സ്വദേശികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കാനഡയിലും ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലും പാകിസ്താനികൾ പ്രതിഷേധ സംഗമങ്ങൾ നടത്തിയിരുന്നു.
ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്താനിൽ ആരംഭിച്ച കലാപം അയവില്ലാതെ തുടരുകയാണ്. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ലാഹോറിലെ വസതിക്ക് നേരെ ഇമ്രാൻ അനുകൂലികൾ പെട്രോൾ ബോംബാക്രമണം നടത്തി. സൈനിക കേന്ദ്രങ്ങളും സർക്കാർ കെട്ടിടങ്ങളും പിടിഐ പ്രവർത്തകർ അഗ്നിക്കിരയാക്കി. പഞ്ചാബ്, ഖൈബർപഖ്തൂൽഖ്വാ പ്രവിശ്യകളിൽ സൈന്യത്തെ വിന്ന്യസിച്ചിരിക്കുകയാണ്.
കലാപത്തിൽ ഇതുവരെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. 1000 ൽ അധികംപേർ അറസ്റ്റ് ചെയ്യപ്പെട്ടു. ‘കറുത്ത അദ്ധ്യായം’ എന്നാണ് കലാപത്തെ കുറിച്ച് പാകിസ്താൻ സൈന്യം പ്രതികരിച്ചിരിക്കുന്നത്.
Comments