കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഡോ. വന്ദന ദാസിനെ പോലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തെന്ന് സുരേഷ് ഗോപി ആരോപിച്ചു. സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണമില്ലാേെത പോയിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോക്ടറുടെയടുത്ത് സന്ദീപിനെ എന്തിന് ഒറ്റയ്‌ക്കാക്കിയെന്നും അദ്ദേഹം ചോദിച്ചു.
‘ആ വന്ന പൊലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ, ഇത് എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്‌ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ. അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ’ – എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇന്നലെ പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
















Comments