കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിയ്‌ക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട യുവ വനിതാ ഡോക്ടർ വന്ദന ദാസിന് കേരളത്തിന്റെ യാത്രാമൊഴി. കോട്ടയം മുട്ടുചിറയിലെ വീട്ടിൽ ഡോ.വന്ദനയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദ് ആണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. അന്ത്യ ചുംബനം നൽകി അച്ഛൻ മോഹൻദാസും അമ്മ വസന്തകുമാരിയും ഏക മകളെ യാത്രയാക്കി. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മ വസന്തകുമാരിയ്‌ക്ക് അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ചികിത്സ നൽകി.
കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.എൻ.വാസവൻ, സ്പീക്കർ എ.എൻ.ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തു. കാല്ലത്ത് വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ച ശേഷം കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മൃതദേഹം മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിച്ചത്. രാത്രി 8.05-ന് പട്ടാളമുക്കിന് സമീപത്തെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോൾ നാടൊന്നാകെ കാത്തുനിന്നിരുന്നു. വീടിനു മുന്നിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ കിടത്തി.
ഇന്നലെ പുലർച്ചെയായിരുന്നു നിഷ്ഠൂരമായ സംഭവം നടന്നത്. കോട്ടയം സ്വദേശിനി 23 കാരിയായ ഡോക്ടർ വന്ദന ദാസാണ് പോലീസിന്റെ സാന്നിധ്യത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. നെടുമ്പന യു.പി സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു.
















Comments