തിരുവനന്തപുരം: മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ പോലീസുകാരൻ മുങ്ങിയ സംഭവത്തിൽ തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഉന്നത പോലീസുകാരുടെ പേരിലാണ് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ മാങ്ങ വാങ്ങിയ ശേഷം പണം നൽകാതെ കടയുടമയെ പറ്റിച്ചത്. പിന്നാലെ, കടയുടമ പരാതിയും നൽകിയിരുന്നു. എന്നാൽ, മാങ്ങാ വാങ്ങിയതിന് തെളിവില്ലെന്ന് പറഞ്ഞ് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന അന്വേഷണ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
പരാതിക്ക് പിന്നാലെ ഉദ്യോഗസ്ഥനെ സ്റ്റേഷനില്‍ നിന്ന് ക്യാംപിലേക്ക് സ്ഥലംമാറ്റിയിരുന്നു. കഴക്കൂട്ടം എസിപിയുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ മാങ്ങാ വാങ്ങിയിട്ട് പണം നല്‍കാതെ മുങ്ങിയെന്നാണ് കടയുടമ പരാതി നല്‍കിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥനാണ് 800 രൂപയുടെ മാങ്ങാ തട്ടിപ്പ് നടത്തിയതെന്നും കടയുടമ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, നെടുമങ്ങാട് ഡിവൈഎസ്പി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവത്തിന് തെളിവില്ല എന്നാണ് പറയുന്നത്.
ഏപ്രില്‍ 17-ന് വൈകിട്ട് 5 മണിക്ക് കാക്കി പാന്‍സും സാധ ഷര്‍ട്ടുമിട്ടാണ് പോലീസുകാരൻ മാങ്ങ വാങ്ങിയതെന്ന് കടയുടമ ആരോപിക്കുന്നു. എന്നാല്‍, ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ആ സമയം സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു എന്നുള്ളതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പോലീസും പറയുന്നു. ഇതിന് സിസിടിവി ദൃശ്യങ്ങളിലും മൊബൈല്‍ ടവര്‍ ലൊക്കേഷനും തെളിവായി ഉണ്ടെന്നും റൂറല്‍ എസ്.പി ഡി.ശില്‍പയ്‌ക്ക് നൽകിയ റിപ്പോര്‍ട്ടിൽ ഡിവൈഎസ്പി ചൂണ്ടിക്കാണിക്കുന്നു.
















Comments