തിരുവനന്തപുരം : ലോകമെമ്പാടും നഴ്‌സിങ് ദിനം ആചരിക്കുമ്പോൾ ചെയ്യുന്ന ജോലിക്ക് അന്തസ്സായ കൂലി ലഭിക്കുന്നതിനുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ് ഒരു കൂട്ടം നഴ്സുമാർ. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് ശമ്പള വർദ്ധനവിനും അർഹതപ്പെട്ട ജോലിയ്‌ക്കും വേണ്ടി നഴ്സുമാർ രാപ്പകൽ സമരം ആരംഭിച്ചത്. വർഷങ്ങളായി നഴ്‌സുമാരോട് കാണിക്കുന്ന അവഗണന സർക്കാർ അവസാനിപ്പിച്ച് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകൾ അറിയിച്ചു.
അന്താരാഷ്‌ട്ര നേഴ്സിങ് ദിന ആചരണത്തിലും ശമ്പളവും ജോലിയും ഇല്ലാതെ സമരം ചെയ്യുകയാണ് സംസ്ഥാനത്തെ ഒരു വിഭാഗം നഴ്സുമാർ. ഒന്നരവർഷം മുൻപ് പി എസ് സി വിളിച്ച ലിസ്റ്റിൽ നിന്നും നഴ്സുമാരെ ജോലിയിൽ നിയമിക്കാതെയും അർഹതപ്പെട്ട ശമ്പളം വർദ്ധിപ്പിക്കാതെയും സർക്കാർ നടത്തുന്ന വഞ്ചനയ്‌ക്കെതിരെയാണ് നഴ്സുമാരുടെ സമരം. മിനിമം ശമ്പളം വർദ്ധിപ്പിക്കണമെന്ന് വർഷങ്ങളായി സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല.
സമരം ചെയ്യുന്നവരിൽ ഭൂരിഭാഗം നഴ്സുമാരും ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസിനു കീഴിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഇവർക്ക് മിനിമം വേതനം പോലും ലഭിക്കാറില്ല. കൂടാതെ താൽക്കാലിക നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും ജോലിക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്. വാഗ്‍ദാനങ്ങൾ നൽകുകയല്ലാതെ ഉന്നയിച്ച ആവശ്യങ്ങൾക്ക് ഒന്നും ഇതുവരെ സർക്കാർ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. അടിയന്തരമായി സർക്കാർ പ്രശ്നത്തിൽ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
















Comments