ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുന്നവരാണ് ലോകത്തെമ്പാടുമുള്ള നഴ്സുമാർ. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് അവർ. പരിചരണം, ശുശ്രൂഷ, എന്നീ രണ്ട് വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്‌സുമാരും. ജീവന് വേണ്ടി പരിശ്രമിക്കുന്നവരുടെ ജീവനെടുക്കുന്ന നാളുകളിലും പുഞ്ചിരിയോടെ സേവനം ചെയ്യുന്നവരാണ് ഇവർ. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറൻസ് നൈറ്റിൻഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സ് ദിനമായി ആചരിക്കുന്നത്. ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്‌സുമാർക്ക് വേണ്ടിയുള്ളതാണ് ഈ ദിനം. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറൻസിന്റെ ജനനം.
വെള്ള വസ്ത്രമണിഞ്ഞ് ആശുപത്രി വരാന്തകളിലൂടെ ഓരോ ജീവനും ആശ്വാസമായെത്തുന്ന ഭൂമിയിലെ കാവൽ മാലാഖമാർക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്സ് ദിനം ആചരിക്കുന്നു. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്സുമാർ നൽകുന്ന സംഭാവനകൾ നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന്. മനസിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവരാണ് നഴ്സുമാർ. വിശ്വാസവും പരിചരണവും നൽകുന്ന സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്സുമാർ. അത് ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് മനസ്സിലാകും. ആശുപത്രി ജീവിതത്തിൽ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്‌ക്കാവുമ്പോൾ തുണയായി എത്തുന്നത് ഇവർ മാത്രമാണ്.
2019-ൽ കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ സ്വന്തം ആരോഗ്യവും ജീവനും കുടുംബവും നോക്കാതെ ആളുകൾക്കിടയിൽ പ്രവർത്തിച്ചവരാണ് നഴ്‌സുമാർ. മാത്രമല്ല, നമ്മുടെ മുൻപിൽ കേരളത്തിൽ നിപ്പയെ പോലൊരു മഹാമാരിയെ തുരത്തുന്നതിനിടയിൽ ജീവിതം വെടിഞ്ഞ ലിനിയെ പോലുള്ള നഴ്‌സുമാരുമുണ്ട്. 2022 മെയ് 11-ന് നഴ്‌സസ് ദിനത്തിന്റെ തലേദിവസമാണ് മലയാളി നഴ്‌സായ സൗമ്യ സന്തോഷ് ഇസ്രയേലിൽ മരണപ്പെട്ടത്. ഇസ്രയേലിന് നേരെ പാലസ്തീൻ ഭീകരർ നടത്തിയ ആക്രമണത്തിലായിരുന്നു കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്ന സൗമ്യയുടെ മരണം. ഈ ദിനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, രോഗക്കിടക്കയിൽ നമുക്ക് ആശ്വാസം നൽകിയ അവരുടെ പുഞ്ചിരികൾക്ക് മറുപടിയായി അവർ നൽകുന്ന സേവനങ്ങൾക്ക് കൂടെ അവരെയും ചേർത്തു നിർത്താം. അവർക്കൊരു പുഞ്ചിരി സമ്മാനിച്ച്, കരുതൽ കൊണ്ട് ഹൃദയം കീഴടക്കുന്നവരെ ആദരിക്കാം.
















Comments