മലപ്പുറം: രേഖകളൊന്നുമില്ലാത്ത ബോട്ട് വാങ്ങിയാണ് ഉല്ലാസ ബോട്ടാക്കി മാറ്റിയതെന്ന് വെളിപ്പെടുത്തി പൊന്നാനിയിലെ സ്രാങ്ക് കബീർ. താനൂരിൽ അപകടമുണ്ടാക്കിയ ബോട്ട് നാസറിന് വാങ്ങി നൽകിയത് ഇയാളായിരുന്നു. നാസറിന്റെ സഹോദരൻ ഹംസയാണ് ബോട്ട് വേണമെന്ന ആവശ്യം ഉന്നയിച്ച് സമീപിച്ചത്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്നാണ് നാസർ പറഞ്ഞതെന്നും കബീർ വെളിപ്പെടുത്തി.
ബോട്ടിന് രൂപമാറ്റം വരുത്തുന്നതിനായി യാഡിലേയ്‌ക്ക് വാടകയ്‌ക്ക് എടുക്കുന്ന ഉപകരണങ്ങളുടെ പോലും പണം നൽകാതെ നാസർ തന്നെ കബളിപ്പിച്ചുവെന്നും കബീർ പറഞ്ഞു. ഒഴിവാക്കിയ മീൻപിടിത്ത ബോട്ട് 95,000 രൂപയാക്ക് വാങ്ങിയതിന് 7,500 രൂപ ബ്രോക്കർ ഫീസ് തന്നെങ്കിലും താൻ കബളിപ്പിക്കപ്പെട്ടുവെന്ന് കബീർ ആരോപിച്ചു.
അതേസമയം താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിയ്‌ക്കും. ഉച്ചയ്‌ക്ക് 1.45-ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിയ്‌ക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് മലപ്പുറം ജില്ലാ കളക്ടർ ഇന്ന് സമർപ്പിക്കും.
















Comments